സംസ്ഥാനത്ത് 28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്; ഫലം 25ന്

news image
Feb 22, 2025, 12:29 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്. സമ്മതിദായകർക്ക്  വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ്,  പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ്  തീയതിക്ക് ആറ് മാസക്കാലയളവിന് മുൻപുവരെ നല്കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.

വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്,  രണ്ട് ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, 22 ഗ്രാമപഞ്ചായത്ത് വാർഡുകൾ  എന്നിവയിലേയ്ക്കാണ് 24 ന് വോട്ടെടുപ്പുള്ളത്.

28 വാർഡുകളിലായി ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.  പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. ബാലറ്റ് പേപ്പറുകൾ അച്ചടിച്ച് വരണാധികാരികൾക്ക്  കൈമാറി. വോട്ടിംഗ് മെഷീനുകളും സജ്ജമാക്കി കഴിഞ്ഞു. പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും കൈപ്പറ്റുന്നതിനുമുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം രാവിലെ ആറ് മണിക്ക് മോക്ക് പോൾ നടത്തും.

ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയിൽ ആകെ 59116 വോട്ടർമാരാണുള്ളത്. 27843 പുരുഷന്മാരും 31273 സ്ത്രീകളും. കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും വോട്ടർപട്ടിക ലഭ്യമാണ്. ക്രമസമാധാനപാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പോലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. തെരഞ്ഞെടുപ്പ് ഫലം  കമ്മീഷന്റെ വെബ്‌സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭ്യമാകും. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ്  കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം നൽകേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe