തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യ – തെക്കൻ ജില്ലകളിൽ വരും മണിക്കൂറുകളിലും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള പുതുക്കിയ മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യതയുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പേപ്പാറ, അരുവിക്കര ഡാമുകളിലെ ജലനിരപ്പ് ഉയർന്നു. ഈ സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ആകെ 40 സെന്റീമീറ്റർ തുറന്നു. അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ വൈകിട്ട് 3 മണിക്ക് 10 സെന്റീമീറ്റർ വീതം തുറക്കും. മുൻപ് തുറന്ന 100 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 150 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തുന്നത്. ഇരു ഡാമുകളുടെയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
