‘സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം’; സർക്കാരിനെതിരെ കെസിബിസി, പള്ളികളിൽ സർക്കുലർ വായിച്ചു

news image
Mar 8, 2026, 4:43 am GMT+0000 payyolionline.in

കൊച്ചി: മദ്യ-ലഹരി വിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി കെസിബിസി പള്ളികളിൽ സർക്കുലർ വായിച്ചു. മദ്യശാലകളുടെ പെരും പ്രളയത്തിലാണ് സംസ്ഥാനമെന്ന് വിമർശിക്കുന്ന സർക്കുലറിൽ സർക്കാരിനെ രൂക്ഷ വിമർശനം ഉയർത്തുന്നു. ബാറുകളുടെ എണ്ണം 29 മാത്രമായിരിക്കെ 2016ൽ ഒരുതുള്ളി മദ്യം പോലും കൂടുതൽ അനുവദിക്കില്ലെന്നായിരുന്നു സർക്കാർ പറഞ്ഞത്. അധികാരത്തിലെത്തിയപ്പോൾ അവരുടെ നയം മദ്യവർജ്ജനമായി. രണ്ടാം ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകൾ, 337ലധികം ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ, 5071 ഓളം കള്ളുഷാപ്പുകൾ തുടങ്ങി മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് സംസ്ഥാനം എന്ന് സർക്കുലറിൽ വിമർശിച്ചു.

അനധികൃത മദ്യനിർമ്മാണവും ലഹരി കടത്തും തടയാൻ ഉത്തരവാദിത്വപ്പെട്ട എക്‌സൈസ്-പൊലീസ്-ഫോറസ്റ്റ്-റവന്യൂ സംവിധാനങ്ങൾ നിസംഗതയോടെ പ്രഹസന മീറ്റിംഗുകൾ നടത്തി തലയൂരുന്നുവെന്നും സർക്കുലറിൽ പറയുന്നു. സംസ്ഥാനത്തെ 14,00 സ്‌കൂളുകൾ മയക്കുമരുന്നിന്റെ ഹോട്ട് സ്‌പോട്ടായി സർക്കാർ തന്നെ വിലയിരുത്തിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി നിലപാടുകളും നടപടികളും സ്വീകരിക്കുന്ന സർക്കാരാണിവിടെ ഉണ്ടാകേണ്ടത്. ലഹരിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ ആർജ്ജവമുള്ള ഭരണസംവിധാനം സംസ്ഥാനത്തുണ്ടാകണം എന്നും സർക്കുലറിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe