സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം

news image
May 31, 2023, 9:59 am GMT+0000 payyolionline.in

തിരുവനന്തപുരം : കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

 

ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും
സംസ്ഥാന സര്‍ക്കാരിന്റെ സുപ്രധാന പരിപാടികളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സേവനം പ്രയോജനപ്പെടുത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രധാന പരിപാടികളിലാണ് ഇവരുടെ സേവനം ഉപയോഗിക്കുക.

കേള്‍വി വൈകല്യമുള്ള ധാരാളം ആളുകള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ അതത് വകുപ്പുകള്‍ക്ക് ആംഗ്യഭാഷ വ്യാഖ്യാതാക്കളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. മണിക്കൂറിന് 1000 രൂപ നിരക്കില്‍ ഹോണറേറിയം അനുവദിക്കും.

കേരള പുരസ്‌കാരം-മാർഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി
വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു.

പുരസ്‌കാര നിർണയ സമിതികളായ പ്രാഥമിക പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിവ സര്‍ച്ച് കമ്മിറ്റിയായി കൂടി പ്രവര്‍ത്തിക്കുന്നതിന് അനുവദിക്കും. ആവശ്യമെങ്കില്‍ ഉചിത വ്യക്തികളെ പുരസ്‌കാരങ്ങള്‍ക്കായി നാമനിർദേശം ചെയ്യുന്നതിന് സമിതികളെ ചുമതലപ്പെടുത്തും.

പത്മാ പുരസ്‌കാരങ്ങള്‍ (പത്മവിഭൂഷണ്‍/പത്മഭൂഷന്‍/പത്മശ്രീ) നേടിയിട്ടുള്ളവരെ കേരള പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കില്ല. സംസ്ഥാനത്ത് പത്തുവര്‍ഷമെങ്കിലും താമസിച്ചുവരുന്ന/താമസിച്ചിരുന്ന ഭാരത പൗരന്മാരെ പരിഗണിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe