ആലപ്പുഴ: ആലപ്പുഴയിൽ കോളറബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കടുത്ത വയറിളക്കവും ഛർദിയും കാരണമാണ് രഘുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോളറ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത്. കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന ആളാണ് രഘു.
കോളറ രോഗം കണ്ടെത്തിയതിനെ തുടർന്ന് തലവടിയിലെ കിണറുകളിൽ നിന്നും മറ്റ് ജലസ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിൽ ഈ വർഷം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കോളറ കേസാണ് ആലപ്പുഴയിലേത്. ഏപ്രിൽ 27ന് തിരുവനന്തപുരത്ത് കോളറ ബാധിച്ച കവടിയാര്‍ മുട്ടട സ്വദേശിയായ 63കാരൻ മരിച്ചിരുന്നു. കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. മരണാനന്തരം നടത്തിയ രക്തപരിശോധനയിലാണ് കോളറ രോഗം സ്ഥിരീകരിച്ചത്.
2024 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ രോഗം റിപ്പോർട്ട് ചെയ്തത്. അതും തലസ്ഥാന ജില്ലയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിലെ 10 അന്തേവാസികളും ജീവനക്കാരനുമടക്കം 11 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതേ ഹോമിൽ 26കാരൻ മരിച്ചെങ്കിലും രോഗബാധ സ്ഥിരീകരിക്കാനായിരുന്നില്ല.