സംസ്ഥാനത്ത് ഇനി പവർകട്ടില്ല; ലോഡ് ഷെഡിങ് പൂർണ്ണമായി ഒഴിവാക്കിയെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

news image
May 1, 2026, 9:49 am GMT+0000 payyolionline.in

പാലക്കാട്: വേനൽമഴ ലഭിച്ചതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെട്ടതായും ഇനി പവർകട്ടിന് സാധ്യതയില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. ലോഡ് ഷെഡിങ് പൂർണ്ണമായും ഒഴിവാക്കിയെന്നും ഇനി ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അമിത ഉപഭോഗത്തെത്തുടർന്നുണ്ടായ ലോഡ് (Overload) നിയന്ത്രിക്കാൻ മാത്രമാണ് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ വൈദ്യുതി ഉപഭോഗം കുറഞ്ഞത് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. വൈകിട്ട് 6 മണി മുതൽ 12 മണി വരെയുള്ള പീക്ക് അവറുകളിലായിരുന്നു നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

സംസ്ഥാനത്തുണ്ടായിരുന്ന 200 മെഗാവാട്ടിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കൂടംകുളം നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭ്യമായി തുടങ്ങിയതും പ്രതിസന്ധി ലഘൂകരിക്കാൻ സഹായിച്ചു.

അതേസമയം, നിലവിലെ പ്രതിസന്ധിക്ക് ഡാം മാനേജ്‌മെന്റിലുണ്ടായ വീഴ്ചയും കാരണമാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷവും ഡാമുകളിൽ ഉയർന്ന അളവിൽ വെള്ളം ലഭിച്ചിരുന്നുവെങ്കിലും, ഈ അധികജലം ഫലപ്രദമായി ഉപയോഗിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വിവരം. പ്രകൃതി പ്രതികൂലമായ സാഹചര്യത്തിലാണ് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വന്നതെന്നായിരുന്നു സർക്കാരിന്റെയും കെഎസ്ഇബിയുടെയും വാദം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe