തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച ആറ് നഴിസിങ് കോളജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. അഞ്ച് പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്റ് പ്രഫസര്‍, ആറ് സീനിയര്‍ സൂപ്രണ്ട്, ആറ് ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, ആറ് ക്ലര്‍ക്ക്, ആറ് ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്.
12 ട്യൂട്ടര്‍, ആറ് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്. ആറ് ഹൗസ് കീപ്പര്‍, ആറ് ഫുള്‍ടൈം സ്വീപ്പര്‍, ആറ് വാച്ച്മാന്‍ എന്നിങ്ങനെ താത്ക്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്സ്ങ് മേഖലയുടെ പുരോഗതിക്കായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 760 ബി.എസ്.സി. നഴ്സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കിയിരുന്നു.
ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്സിങില്‍ ഇത്രയും സീറ്റ് വര്‍ധിപ്പിച്ചത്. ഈ സീറ്റുകളില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. അതിന്റെ ഭാഗമായാണ് തസ്തികകളും സൃഷ്ടിച്ചത്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട
എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിങ് കോളജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചു.
ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിങ് കോളജുകള്‍ ആരംഭിക്കും. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്സിങ് കോളജിന് അനുമതി നല്‍കിയെന്നും മന്ത്രി അറിയിച്ചു.