ഷെയ്ഖ് ഹസീനക്കെതിരെ ബംഗ്ലാദേശില്‍ ഒന്‍പത് കേസുകള്‍ കൂടി, വിട്ടു നല്‍കണമെന്ന ആവശ്യം ഇന്ത്യ തള്ളിയേക്കും

news image
Aug 21, 2024, 7:33 am GMT+0000 payyolionline.in

ദില്ലി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ആവശ്യം ഇന്ത്യ തള്ളിയേക്കും.  രാജ്യത്ത് പടര്‍ന്ന വിപ്ലവത്തെ ഹസീന അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്നും പുതിയ ഒന്‍പത് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബംഗ്ലാദശ് ഇന്ത്യയെ അറിയിച്ചു. യുദ്ധക്കുറ്റങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ഷെയ്ഖ് ഹസീന സ്ഥാപിച്ച ട്രിബ്യൂണല്‍ നിലവില്‍ അവര്ക്കെതിരെ അന്വേഷണം നടത്തുകയാണ്.ഹസീനയുടെ ഭരണം രാജ്യത്തിന്‍റെ പുരോഗതിയെ അടിച്ചമര്‍ത്തിയെന്ന ആക്ഷേപവും ബിഎന്‍പി ശക്തമാക്കിയിരിക്കുകയാണ്.  രാജ്യത്തെ ജനങ്ങള്‍ ഹസീനയെ വിചാരണ ചെയ്യാന്‍ ആവശ്യപ്പെടുന്നു. നിയമപരമായ വഴിയിലൂടെ അവരെ കൈമാറണം. ഇന്ത്യക്ക് നല്‍കിയ സന്ദേശത്തില്‍ ബംഗ്ലാദേശ് ഇങ്ങനെ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം  ആവശ്യം ഇന്ത്യക്ക് നിരസിക്കാം.  ഉത്തമവിശ്വാസത്തിലും, നീതിക്കുമായല്ല നടപടിയെന്ന് വിലയിരുത്തി ആവശ്യം തള്ളാനാണ് നീക്കമെന്ന് സൂചനയുണ്ട്.  ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനുസുമായി കഴിഞ്ഞ ദിവസം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഷെയ്ക്ക് ഹസീനയിലേക്ക് സംഭാഷണം നീങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.  അതേ സമയം ഹസീന എത്രകാലം കൂടി ഇന്ത്യയില്‍ കാണുമെന്നോ , എവിടെയാണ് പാര്‍പ്പിച്ചിട്ടുള്ളതെന്നോയുള്ള വിവരം സര്‍ക്കാര്‍ ഇനിയും പുറത്ത് വിട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe