കൊച്ചി: ഷവർമ അടക്കം ആഹാരസാധനങ്ങളുടെ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഭക്ഷണവസ്തു തയാറാക്കിയതിന്റെ സമയമടക്കമാണ് രേഖപ്പെടുത്തേണ്ടത്.
2022 മേയ് ഒന്നിന് കാസർകോട്ട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തെതുടർന്ന് മാതാവ് നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം. മകൾ മരിക്കാനിടയായത് ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാതാവിന്റെ ഹരജി. തുടർന്നാണ് തീയതിയും സമയവും രേഖപ്പെടുത്തണമെന്ന ഉത്തരവ് കോടതി നേരത്തെ പുറപ്പെടുവിച്ചത്. ഇതിനായി ഹരജി നൽകിയതിനെ അഭിനന്ദിച്ച കോടതി, 25,000 രൂപ ഹരജിക്കാരിക്ക് കോടതി ചെലവായി നൽകാനും ഉത്തരവിട്ടു.
ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഹരജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത് കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷനൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണമെന്നും നിർദേശിച്ചു.