ആലപ്പുഴ: ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെ വിഎസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. അവർക്കെല്ലാം വിഎസിനെ കുറിച്ച് പറയാൻ കുറേയേറെ അനുഭവങ്ങളുമുണ്ട്. കൊല്ലം സ്വദേശിയായ ഒരു യുവാവ് പറഞ്ഞത് ‘എന്‍റെ ശബ്ദം നഷ്ടപ്പെടും മുൻപ് എന്‍റെ സഖാവിന് അഭിവാദ്യം അർപ്പിക്കാനാണ്’ വന്നത് എന്നാണ്.
“എന്‍റെ ശ്വാസകോശത്തിന്‍റെ ഒരുഭാഗം നീക്കം ചെയ്യാൻ പോവുകയാണ്. ഞാനാദ്യമായി രക്തം ഛർദിച്ചത് സഖാവ് വിഎസിന് വേണ്ടി മുദ്രാവാക്യം വിളിച്ചപ്പോഴാണ്. ഞാൻ ബാലസംഘത്തിന്‍റെ ഏരിയ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ മെമ്പറായിരുന്നു. ഡിവൈഎഫ്ഐയിലൂടെ സിപിഐഎം മെമ്പറായിരുന്ന ഒരാളാണ്. ഉടൻ തന്നെ എന്‍റെ ഓപ്പറേഷൻ നടക്കും, എന്റെ ശബ്ദം നഷ്ടപ്പെടുന്നതിന് മുന്നേ എന്റെ സഖാവിന് അഭിവാദ്യം അർപ്പിക്കാനും മുദ്രാവാക്യം അവസാനമായി ഉറക്കെ വിളിക്കാനും വേണ്ടിയാണ് ഞാൻ വന്നത്. അത്രയ്ക്ക് ജനമനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ്. 102 വയസ്സ് വരെ ജീവിച്ച മനുഷ്യനായി ജനങ്ങൾ ഇങ്ങനെ കരയുന്നുണ്ടെങ്കിൽ ജന മനസ്സുകളിൽ വിഎസ് ആരായിരുന്നുവെന്ന് വ്യക്തമാണ്. എന്‍റെ കുഞ്ഞുമകനും ഭാര്യയ്ക്കുമൊപ്പമാണ് വന്നത്. യാത്ര ചെയ്യാൻ കഴിയുന്ന ആരോഗ്യമില്ലാഞ്ഞിട്ട് പോലും കൊച്ചിയിലെ ചികിത്സക്കിടെ ഓടിവന്നതാണ്”- യുവാവ് പറഞ്ഞു.