ശ്രദ്ധിക്കുക, ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെടും, ശേഷം ചുഴലിക്കാറ്റും; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

news image
Dec 2, 2023, 4:17 am GMT+0000 payyolionline.in

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയെന്നാണും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസവും മഴ തുടരുമെന്നാണ് പ്രവചനം. അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട ശേഷം മഴ സാഹചര്യം കൂടുതൽ ശക്തമായേക്കാനും സാധ്യതയുണ്ട്.

ചുഴലിക്കാറ്റ് അറിയിപ്പ്

ഇന്ന് അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടാൽ നാളെ 3 തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിക്കാനാണ് സാധ്യത. തുടർന്ന് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഡിസംബർ 4  വൈകുന്നേരത്തോടെ തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയിൽ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും 02-12-2023 (ഇന്ന്) രാത്രി 11.30 വരെ 0.4 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

2023 ഡിസംബർ 02, 03  തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe