പയ്യോളി: നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമയ്ക്കെതിരെ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗം കാരണം കാണിക്കൽ നോട്ടീസ് നൽകി. ചൊറിയൻചാൽ പ്രദേശത്ത് വാടക ക്വാർട്ടേഴ്സുകൾ നടത്തുന്ന കുഞ്ഞാന്തട്ട മറിയത്തിന് (75) എതിരെയാണ് നടപടി.
ക്വാർട്ടേഴ്സുകളിലെ കക്കൂസ് ടാങ്ക് പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും മലിനജല കുഴികൾ ഇല്ലാത്തതിനാൽ കൊതുകുകൾ പെരുകുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ആരോഗ്യ വിഭാഗം കണ്ടെത്തി. നേരത്തെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
നിർദ്ദേശങ്ങൾ പാലിക്കാത്തതിന് എന്തെങ്കിലും കാരണമുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം ബോധിപ്പിക്കണം. മറുപടി തൃപ്തികരമല്ലെങ്കിൽ ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസറുടെ നിർദ്ദേശാനുസരണം തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് അറിയിച്ചു. പരിശോധനയിൽ കൗൺസിലർ ഹയറുന്നീസ പി.എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രജിഷ കെ.വി, ഷാജി പി.കെ എന്നിവരും പങ്കെടുത്തു.
