കണ്ണൂര്‍: സംസ്ഥാനത്തെ ബീച്ച് ടൂറിസം വികസനത്തിന് കുതിപ്പേകി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച മുഴപ്പിലങ്ങാട്, ധര്‍മ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ (മേയ് 4) മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചില്‍ രാവിലെ 10 ന് നടക്കുന്ന പരിപാടിയില്‍ ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘മുഴപ്പിലങ്ങാട്-ധര്‍മ്മടം ബീച്ചിന്റെ സമഗ്ര വികസനം’ എന്ന പദ്ധതിക്ക് 233.71 കോടി രൂപയുടെ തത്വത്തില്‍ ഭരണാനുമതി 2019 ലാണ് നല്‍കിയത്. മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം ദ്വീപ് എന്നിങ്ങനെ മൂന്ന് ഭാഗമാണ് പദ്ധതിക്കുള്ളത്. മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്ക് ഭാഗത്തെ 1.2 കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാത ഓര്‍ഗനൈസ്ഡ് ഡ്രൈവ് ഇന്‍ ആക്ടിവിറ്റികള്‍ നടത്തുന്നതിനുള്ള സാധ്യതകള്‍ നല്കുന്നു. നടത്തത്തിനായി കടല്‍തീരത്തു നിന്നും ഉയരത്തിലായി പൈലുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബ് വാര്‍ത്ത് അതിനു മുകളിലാണ് ഉല്ലാസ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നത്.