ശബരിമല സ്വര്‍ണക്കൊള്ള; 2019ലെ ദേവസ്വം ബോര്‍ഡും പ്രതിപ്പട്ടികയില്‍

news image
Oct 12, 2025, 6:00 am GMT+0000 payyolionline.in

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രതി. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എ പത്മകുമാർ പ്രസിഡന്റായ 2019ലെ തിരുവിതാംകൂർ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കട്ടിളപ്പാളിയിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആറിലാണ് ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്.ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അദ്ദേഹത്തിന്‍റെ സുഹൃത്ത് കൽപേഷ് എന്ന ആളാണ് രണ്ടാം പ്രതി. 2019 ലെ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. അക്കാലത്ത് ദേവസ്വം കമ്മീഷണറുടെ ചുമതല എൻ വാസുവിനായിരുന്നു. ദേവസ്വം ബോർഡിനെ എട്ടാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എൻ വാസു മാധ്യമങ്ങളോട് പറഞ്ഞു. എഫ്‌ഐആറിൽ അന്നത്തെ ദേവസ്വം കമ്മീഷണർ പ്രതി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് തന്നെ കൂടാതെ മറ്റൊരാൾ കൂടി ദേവസ്വം കമ്മീഷണർ ആയി ഉണ്ടായിരുന്നു. 2019 മാർച്ച് 14 ന് താൻ ദേവസ്വം കമ്മീഷണർ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം താനായിരുന്നില്ല ദേവസ്വം കമ്മീഷണർ. നവംബറിലാണ് ദേവസ്വം പ്രസിഡന്റായി തിരിച്ചെത്തിയത്. രണ്ടു പദവികളിൽ ഇരുന്നും ഒരു കുറ്റവും ചെയ്തിട്ടില്ല. പ്രതിചേർത്തിട്ടുണ്ടെങ്കിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞുകേസെടുത്തതിനെ കുറിച്ച് തനിക്കറിയില്ലെന്ന് എ പത്മകുമാർ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച ബോധ്യമുണ്ട്. വീഴ്ച ഉണ്ടായെങ്കിൽ പരിശോധിക്കട്ടെ. പുതിയ കട്ടിളപ്പാളിയുടെ കാര്യത്തിൽ ഒരു കുറിപ്പും നൽകിയിട്ടില്ല. കട്ടിളപ്പാളി സന്നിധാനത്ത് നിന്ന് കൊണ്ടുപോയത് അറിഞ്ഞില്ല. ശബരിമലയുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്തുനിന്നും ഒരു പിശകും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് എഫ്‌ഐആർ ആണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe