ശബരിമല സന്നിധാനത്തെ അലങ്കാരത്തിന് ഓർക്കിഡ് പാടില്ലെന്ന് ഹൈകോടതി

news image
Nov 25, 2024, 4:41 pm GMT+0000 payyolionline.in

കൊച്ചി: ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പൂവുകൾ മാത്രമാണ്​ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന്​ ഹൈകോടതി. ഓരോ ദിവസവും പൂവുകൾ മാറ്റുകയും വേണം. ഓർക്കിഡ് പൂക്കളും ഇലകളും മറ്റും ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കരാറുകാർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ടെന്ന്​ ദേവസ്വം ബോർഡും ശബരിമല സ്പെഷൽ കമീഷണറും കോടതിയെ അറിയിച്ചു.

ശബരിമലയിൽ വിതരണം ചെയ്യുന്ന അപ്പം, അരവണ അടക്കം പ്രസാദവിതരണത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേ‌ർഡ് അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി സ്വമേധയാ കക്ഷി ചേർത്തു. പഴകിയ വനസ്പതി സൂക്ഷിച്ച പാണ്ടിത്താവളത്തെ അന്നപൂർണ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരം മസാല സൂക്ഷിച്ച ശ്രീഹരി ഹോട്ടലിന് 10,000 രൂപയും ഡ്യൂട്ടി മജിസ്ട്രേറ്റ്​ പിഴയിട്ടതായി അധികൃതർ കോടതിയെ അറിയിച്ചു.

അനധികൃത ലബോറട്ടറികളുടെ മൊബൈൽ യൂനിറ്റുകൾ നിലക്കലിൽ പ്രവർത്തിക്കുന്ന സംഭവത്തിൽ ഇടപെട്ട കോടതി നിലക്കൽ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റും പൊലീസും ദേവസ്വം വിജിലൻസും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണമെന്ന്​ നിർദേശം നൽകി.

പമ്പ ഹിൽടോപ്പിൽ പത്തിലധികം കെ.എസ്.ആർ.ടി.സി ബസുകൾ ഒരേസമയം പാർക്ക്​ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവി​യോട്​ കോടതി നിർദേശിച്ചു. 24

മണിക്കൂറിലധികം പാർക്കിങ്ങിൽ തുടരാൻ കാറുകളടക്കം വാഹനങ്ങളെ അനുവദിക്കരുതെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe