പത്തനംതിട്ട: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നാളെ തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ ശബരിമല മേല്‍ശാന്തി പി.എന്‍. മഹേഷാണ് നട തുറക്കും. നവംബർ മാസത്തിലെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി.
നാളെ പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഭക്തര്‍ക്ക് ദര്‍ശനവും മാത്രമേ ഉണ്ടാകു. പൂജകള്‍ ഇല്ല. പുതിയ മേല്‍ശാന്തിമാരായ എസ്. അരുണ്‍ കുമാര്‍ നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം വൈകീട്ട് ആറ് മണിക്ക് നടക്കും. ആദ്യം ശബരിമല ക്ഷേത്രത്തിലെയും പിന്നീട് മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിഷേകമാണ് നടക്കുന്നത്.
70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 10,000 പേർക്ക് തത്സമയ ബുക്കിങ്ങുമടക്കം 80,000 പേർക്ക് പ്രതിദിന ദർശന സൗകര്യമൊരുക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിന്നാണ് തത്സമയ ബുക്കിങ്ങിനുള്ള അവസരമുള്ളത്. ആധാർ രേഖകൾ നൽകിയാണ് തത്സമയ ബുക്കിങ് നടത്തേണ്ടത്. ആധാർ ഇല്ലാത്തവർ പാസ്പോർട്ടോ വോട്ടർ ഐ.ഡിയോ കരുതണം.
പുലർച്ചെ മൂന്ന് മുതൽ ഉച്ചക്ക് ഒരുമണിവരെയും ഉച്ചക്ക് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശന സമയം. കഴിഞ്ഞ വർഷം 16 മണിക്കൂറായിരുന്നത് ഇക്കുറി 18 മണിക്കൂറായി വർധിപ്പിച്ചിട്ടുണ്ട്. തീർഥാടകരുണ്ടെങ്കിൽ നടയടക്കുന്ന സമയം അരമണിക്കൂർ വരെ ദീർഘിപ്പിക്കും.