ശബരിമല തീർഥാടകരിൽനിന്ന് അമിതവില ഈടാക്കാതിരിക്കാൻ നടപടി: മന്ത്രി ജി ആർ അനിൽ

news image
Oct 28, 2023, 12:42 pm GMT+0000 payyolionline.in

കോട്ടയം> മണ്ഡല- മകരവിളക്ക് തീർഥാടനകാലത്ത് ഭക്ഷണസാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ കർശനനടപടിയെടുക്കുമെന്ന് ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ പറഞ്ഞു. തീർഥാടനത്തോടനുബന്ധിച്ച മുന്നൊരുക്കം വിലയിരുത്താൻ കോട്ടയം കലക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരാണ്‌ പങ്കെടുത്തത്‌.

ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് പ്രസിദ്ധീകരിക്കും. ചില സാധനങ്ങൾക്ക് നേരിയ വിലവർധന ഹോട്ടൽ-–-റസ്‌റ്റോറന്റ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 30ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. വിലവിവരപ്പട്ടിക അഞ്ച്‌ ഭാഷകളിൽ കടകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. കടകളിൽ വിലവിവരപ്പട്ടികയ്‌ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്‌ക്വാഡിൽ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും പ്രദർശിപ്പിക്കണം.

ലീഗൽ മെട്രോളജി കൺട്രോളർ വി കെ അബ്ദുൾ ഖാദർ, പത്തനംതിട്ട സബ് കലക്ടർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാരായ ജി നിർമൽകുമാർ (കോട്ടയം), ഷൈജു പി ജേക്കബ് (ഇടുക്കി), ജില്ലാ സപ്ലൈ ഓഫീസർമാരായ സ്മിത ജോർജ്, വി പി ലീലാകൃഷ്ണൻ, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe