ശബരിമല തീർത്ഥാടകരിൽ ആശുപത്രികളിലെത്തുന്നവരിൽ പകുതിയും പനി ബാധിച്ചവർ; വിവിധ ചികിത്സക്കായെത്തിയത് 67,597 പേർ

news image
Dec 9, 2024, 10:35 am GMT+0000 payyolionline.in

ശബരിമല: മണ്ഡലകാലം പകുതി കഴിയുമ്പോൾ സന്നിധാനത്തും പമ്പയിലും ആശുപത്രി സേവനം തേടുന്ന തീർഥാടകരിൽ പകുതിയും പനി ചികിത്സ​ക്കെത്തുവർ. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി ആശുപത്രികളിൽ എത്തിയ അറുപത്തിനായിരത്തിലധികം പേരിൽ പകുതിയും പനി, ജലദോഷം, കഫക്കെട്ട് എന്നിവക്കാണ് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സന്നിധാനത്ത് പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റവും മല കയറുന്നതിലെ ആയാസവുമാണ് മിക്കപ്പോഴും പ്രതികൂല ആരോഗ്യാവസ്ഥ സൃഷ്ടിക്കുന്നതെന്നും സന്നിധാനം മെഡിക്കൽ ഓഫിസർ അനീഷ് കെ. സോമൻ പറഞ്ഞു.

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതണമെന്നും ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി വൈദ്യസഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

22 ദിവസത്തിനിടെ പമ്പയിലും സന്നിധാനത്തും വിവിധ ആശുപത്രികളിൽ 67,597 പേർ വിവിധ ചികിത്സയ്ക്കായെത്തി. സന്നിധാനത്ത് 28839 പേർ അലോപ്പതി ചികിത്സ തേടിയപ്പോൾ 25060 പേർ ആയുർവേദ ചികിത്സ തേടി. 1107 പേരാണ് ഹോമിയോ ചികിത്സ തേടിയത്. പമ്പയിൽ വിവിധ ആശുപത്രികളിലായി12591 പേർ ചികിത്സ തേടി.

ആയുർവേദ ആശുപത്രിക്ക് കൂടുതൽ സൗകര്യം

സന്നിധാനത്തെ ആയുർവേദ ആശുപത്രിയിൽ ദേവസ്വംബോർഡ് സൗകര്യങ്ങൾ വിപുലപ്പെടുത്തി. നിലവിലെ ആയുർവേദ ആശുപത്രിയോടനുബന്ധിച്ച് നടപ്പന്തലിനടുത്ത് പഞ്ചകർമ്മ ചികിത്സാ സൗകര്യങ്ങളും മസാജിങ്, ബാൻഡേജിങ്, സ്റ്റീം യൂണിറ്റുകൾ എന്നിവയ്ക്കും വേണ്ട സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

വിപുലപ്പെടുത്തിയ ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവഹിച്ചു. ആയുർവേദ വിഭാഗം മെഡിക്കൽ ഓഫീസർ ഡോ .പി എസ് മഹേഷ് അധ്യക്ഷനായിരുന്നു. ഡോ .എ സുജിത്, ഡോ .കെ ജി ആനന്ദ്, ഡോ. പ്രവീൺ കളത്തിങ്കൽ, ഡോ. ദീപക് സി നായർ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe