കൊച്ചി: ശബരിമലയിൽ തിരക്കുകൂടുമ്പോൾ ഇടത്താവളങ്ങളിൽ തീർഥാടക വാഹനങ്ങൾ നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കണമെന്ന് ഹൈകോടതി. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ല പൊലീസ് മേധാവി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വ്യാഴാഴ്ചയും പരിഗണിക്കും.
സന്നിധാനത്തും പമ്പയിലും നിലക്കലും ഭക്ഷണ സാധനങ്ങളുടെ വില സംബന്ധിച്ച് വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്തണമെന്നും കോടതി നിർദേശിച്ചു. വെർച്വൽ ക്യൂ പ്ലാറ്റ്ഫോം വഴി ബുധനാഴ്ച 79,994 ബുക്കിങ്ങുകൾ ബുധനാഴ്ച നടന്നെന്നും നിലവിൽ തിരക്ക് നിയന്ത്രണ വിധേയമാണെന്നും സർക്കാർ വ്യക്തമാക്കി.