ദില്ലി: ശബരിമലയിൽ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ശബരിമലയില്‍ അന്നദാനത്തിന് അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സുപ്രീം കോടതി പരിഗണിക്കേണ്ട കേസ് അല്ലെന്നും ഹൈക്കോടതിയിൽ തന്നെ തീർപ്പാക്കേണ്ടതെന്നും കോടതി വിശദീകരിച്ചു. അയ്യപ്പ സേവ സംഘത്തിൻ്റെ രണ്ട് വിഭാഗങ്ങളാണ് ഹർജി നൽകിയത്. ആത്മീയ അധികാര പരിധി പ്രയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജസ്റ്റിസ് ബോസ് പറഞ്ഞു. അഖില ഭാരത അയ്യപ്പാ സേവ സംഘത്തിനായി മുതിർന്ന അഭിഭാഷകൻ വി.ചിദംബരേഷ്, അഭിഭാഷക ആനി മാത്യു എന്നിവർ ഹാജരായി.
ശബരിമലയിൽ അന്നദാനത്തിന് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി അന്നദാനം നടത്താൻ നൽകിയ അനുമതി റദ്ദാക്കിയത്. 2017 ൽ ഹൈക്കോടതി തന്നെ നൽകിയ അനുമതി റദ്ദാക്കി കൊണ്ടായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഇതിനെതിരെയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീം കോടതിയെ സമീപിച്ചത്.
ശബരിമലയിലും പമ്പയിലും അന്നദാനത്തിന് അനുമതി തേടി ശബരിമല അയ്യപ്പ സേവ സമാജം എന്ന സംഘടന നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ഹർജിയെ എതിർത്ത തിരുവിതാംകൂർ ദേവസ്വം ബോർഡ്, ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനം നിലനിൽക്കെ പുതിയ സംഘടനക്ക് അനുമതി നൽകാൻ പാടില്ലെന്ന് അറിയിച്ചു. മാത്രമല്ല ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ ഭക്ഷ്യസുരക്ഷയടക്കം വെല്ലുവിളിയാകുമെന്നും അതിനാൽ ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനത്തിൽ പങ്കാളികളാകുന്നതാണ് ഉചിതമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. ഈ വാദം കണക്കിലെടുത്ത് ശബരിമല അയ്യപ്പ സേവ സമാജത്തിന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് നേരത്തെ നൽകിയ അനുമതിയും റദ്ദാക്കുകയായിരുന്നു.
എന്നാൽ ഈ നടപടി തെറ്റാണെന്നും വർഷങ്ങളായി ഭക്തരരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് അഖില ഭാരത അയ്യപ്പ സേവാ സംഘമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അന്നദാനം മഹാദാനം എന്ന് ലക്ഷ്യമാണ് സംഘടനയുടേതെന്നും വിവിധ സംസ്ഥാനങ്ങളിൽ അന്നദാനം നടത്തി വരാറുണ്ടെന്നും സംഘടന ഹർജിയിൽ വ്യക്തമാക്കിയിരുന്നു. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തനത്തെ തീരുവിതാംകൂർ ദേവസ്വംബോർഡ് തന്നെ പലകുറി അംഗീകരിച്ചിട്ടുള്ളതാണെന്നും ദേവസ്വം ബോർഡിന്റ ശബരിമലയിലെ നിരവധി പ്രവർത്തനങ്ങളിൽ അയ്യപ്പ സേവാ സംഘം പങ്കാളികളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ അനുമതി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. ഈ ഹർജിയാണ് സുപ്രീം കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്.