ശബരിമല ദേവസ്വവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമല കോഡിനേറ്റര്‍ എന്ന വ്യാജേന അനധികൃതമായി സ്‌പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജി എസ് അരുണിനെ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പി വിജയകുമാറിനെ അസിസ്റ്റന്റ് സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്ററായും നിയമിച്ചിട്ടുണ്ട്.
അനധികൃതമായി പണപ്പിരിവ് നടന്ന സാഹചര്യത്തിലാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ശബരിമലയിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംഭാവനകള്‍ ശബരിമല സ്‌പോണ്‍സര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍മാര്‍ വഴിയോ, ശബരിമല സന്നിധാനത്തെ എക്‌സിക്യൂട്ടീവ് ഓഫീസിലോ, തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തോ നല്‍കാവുന്നതാണ്. അല്ലെങ്കില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സംഭാവനകള്‍ നല്‍കാം. ഇതല്ലാതെയുള്ള പണ പിരിവുകള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്തം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.