ശബരിമലയിൽ അരവണ നിർമാണം നിർത്തിവെച്ചു; ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ മാത്രം

news image
Jan 1, 2024, 1:15 pm GMT+0000 payyolionline.in

പത്തനം തിട്ട: മകരവിളക്ക് ഉത്സവത്തിന് നടതുറന്ന് മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ നിർമാണം നിർത്തിവച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് നിർമാണം നിർത്തി വെച്ചത്. ഇതോടെ അരവണ വിതരണത്തിന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഭാഗമായി ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ എന്ന നിലയിൽ പരിമിതപ്പെടുത്തി. നട തുറന്ന ശനിയാഴ്ച ആവശ്യാനുസരണം വിതരണം ചെയ്തിരുന്ന അരവണയുടെ എണ്ണം ഞായറാഴ്ച പുലർച്ചെ മുതൽ 10 ബോട്ടിൽ വീതം ആക്കി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച എണ്ണം വീണ്ടും അഞ്ചാക്കി വെട്ടിക്കുറച്ചത്.

 

വലിയ സംഘങ്ങളായി എത്തുന്ന സംസ്ഥാന തീർത്ഥാടകരാണ് ഇത് മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. തീർത്ഥാടക സംഘത്തിലെ ബഹുഭൂരിപക്ഷം പേരും പ്രസാദത്തിനായി ക്യൂ നിൽക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ കൗണ്ടറുകൾക്കു മുമ്പിൽ വൻ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്.

മണ്ഡല – മകരവിളക്ക് തീർത്ഥാടനകാലം ലക്ഷ്യമാക്കി പ്രതിദിനം രണ്ടര ലക്ഷം കണ്ടെയ്നറുകൾ എത്തിക്കുന്നതിനായി രണ്ട് കമ്പനികൾക്കാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ കണ്ടെയ്‌നര്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഒരു കരാറുകാരന്‍ വീഴ്ച വരുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് മറികടക്കാനായി ദേവസ്വം ബോര്‍ഡ് ഇക്കഴിഞ്ഞ ശനിയാഴ്ച പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

ആദ്യം ടെൻഡർ കോട്ട് ചെയ്ത കരാറുകാരന് പ്രതിദിനം 50,000 കണ്ടെയ്‌നര്‍ എത്തിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളു. ഇതോടെ മറ്റൊരു കരാറുകാരനെ കൂടി കണ്ടെയ്‌നര്‍ എത്തിക്കാനായി ബോര്‍ഡ് പരിഗണിച്ചു. പുതിയ രണ്ട് കരാറുകാരും ചേർന്ന് ഒന്നര ലക്ഷം കണ്ടെയ്നറുകൾ ദിനംപ്രതി എത്തിക്കാമെന്ന് ബോർഡിന് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ കരാർ ഉറപ്പിക്കുവാൻ ബോർഡിന് സാധിക്കു. ഈ കടമ്പ കൂടി കടക്കാനായാൽ ഏതാനും ദിവസങ്ങൾക്കകം പ്രതിസന്ധി പരിഹരിക്കാൻ ആകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe