ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തര്‍. 2,98,310 പേർ ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ എത്തി. നവംബര്‍ 16ന് 53,278, 17ന് 98,915, 18ന് 81,543 പേർ വീതമാണ് മറ്റുദിവസങ്ങളിലെ ഭക്തരുടെ എണ്ണം.
സ്പോട്ട് ബുക്കിങ് 5000ൽ ഒതുക്കി
ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് ദിനംപ്രതി 5000 ആക്കി നിജപ്പെടുത്തണമെന്ന് ഹൈകോടതി. നിലവിൽ 20,000 പേർക്കുവരെ സ്പോട്ട് ബുക്കിങ് അനുവദിച്ചത് അനിയന്ത്രിതമായ ഭക്തജനത്തിരക്കിന് കാരണമായ സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. നവംബർ 24 വരെ ഈ നിയന്ത്രണം തുടരാനാണ് നിർദേശം.
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത, അതത് ദിവസത്തെ ടിക്കറ്റുമായി വരുന്നവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തിവിടാവൂ. ടിക്കറ്റിൽ പറയുന്ന സമയത്തിന് ആറുമണിക്കൂർ മുമ്പ് മുതൽ പമ്പയിൽ നിന്ന് കടത്തിവിടാം. രേഖപ്പെടുത്തിയ സമയത്തിന് 18 മണിക്കൂറിനു ശേഷം എത്തുന്നവരെ കടത്തിവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദിവസവും ഒരു ലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുന്നതിനാൽ സ്പോട്ട് ബുക്കിങ് ദിനംപ്രതി 10,000 ആക്കി ചുരുക്കണമെന്ന് ശബരിമല സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. നിലവിൽ തീയതി നോക്കാതെ വെർച്വൽ ക്യൂ ബുക്കിങ് ടിക്കറ്റുള്ളവരെയെല്ലാം പമ്പയിൽനിന്ന് കടത്തിവിടുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് അനുമതി
കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഹൈകോടതി അനുമതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഇളവ് അനുവദിച്ചത്. അതേസമയം, മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് നിയന്ത്രണം തുടരും.
വിദഗ്ധ സമിതി രൂപവത്കരിക്കണം
കൊച്ചി: പശ്ചാത്തല സൗകര്യത്തിനും തിരക്ക് നിയന്ത്രണത്തിനുമായി ശബരിമലയിൽ വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈകോടതി. ഗതാഗതം, നഗര ആസൂത്രണം, സിവിൽ എൻജിനിയറിങ്, ദുരന്ത നിവാരണം, തിരക്ക് കൈകാര്യം, പരിസ്ഥിതി, പൊതുജനാരോഗ്യം, ഐ.ടി എന്നീ വിഭാഗത്തിലെ വിദഗ്ധർ അടങ്ങുന്നതാകണം കമ്മിറ്റി.
മറ്റ് നിർദേശങ്ങൾ:
1.ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം തുറക്കണം.
2. വെർച്വൽ ക്യു ബുക്കിങ് 70,000 ആയി നിജപ്പെടുത്തണം.
3. എരുമേലി, നിലക്കൽ, പമ്പ, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നീ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളിലടക്കം 5000 പേർക്കേ ഒരു ദിവസം സ്പോട്ട് ബുക്കിങ് അനുവദിക്കാവൂ.
4. കാനനപാതയിലൂടെ വെർച്വൽ ക്യു ബുക്കിങ് പാസുള്ളവരെ മാത്രം (ദിനംപ്രതി 5000) കടത്തിവിടാവൂ.
5. ചുക്കുവെളളവും ബിസ്ക്കറ്റും ഉറപ്പാക്കണം.
6. ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കണം.
7. ഡോളി സർവീസിന് പ്രീപെയ്ഡ് കൗണ്ടർ വേണം
