കോട്ടയം: ശബരിമലയിലെ അരവണ നിർമാണ ആവശ്യങ്ങൾക്കായി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്‍റെ (കെ.എഫ്.ഡി.സി) ഏലക്ക വിതരണം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ധാരണയായതായി ചെയർപേഴ്സൻ ലതിക സുഭാഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
12,000 കിലോ ഏലക്കയാണ് ദേവസ്വംബോർഡ് ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ 6000 കിലോ ജൈവഏലക്ക ലഭ്യമാക്കാൻ കോർപറേഷന് സാധിക്കും. ഭാവിയിൽ ഉൽപാദനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. മാനന്തവാടി മുതൽ തിരുവനന്തപുരം വരെ ആറ് ഡിവിഷനുകളാണ് കെ.എഫ്.ഡി.സിക്കുള്ളത്. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവപ്പെട്ടെങ്കിലും 2021-’22 വർഷത്തിൽ 13.21 കോടിയുടെയും 2022-’23 കാലഘട്ടത്തിൽ 30.67 കോടിയുടെയും വിറ്റുവരവാണുണ്ടായത്.
കഴിഞ്ഞ സാമ്പത്തികവർഷത്തെ കണക്ക് പരിശോധിച്ചാൽ ഒരുകോടി രൂപയുടെ ലാഭത്തിലാണ് കോർപറേഷൻ ഇപ്പോഴുള്ളത്. ഗവി ഡിവിഷനിൽ നിന്നാണ് ഏറെ വരുമാനം ലഭിക്കുന്നതും. ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചുവരുന്നത്. അതിനുപുറമെ കോട്ടയം നാഗമ്പടത്തുള്ള കെ.എഫ്.ഡി.സിയുടെ 35 സെന്‍റ് സ്ഥലത്ത് വനവുമായി ബന്ധപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും വിൽപനയും നടത്താൻ ലക്ഷ്യമിട്ടുള്ള ആർട്ട് ഗാലറി ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട് -ലതിക സുഭാഷ് പറഞ്ഞു.
കെ.എഫ്.ഡി.സി എം.ഡി ജോർജി പി. മാത്തച്ചൻ, ബോർഡ് അംഗങ്ങളായ കെ.എസ്. ജ്യോതി, പി.ആർ. ഗോപിനാഥ്, അബ്ദുൽ റസാഖ് മൗലവി എന്നിവരും പങ്കെടുത്തു.