ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ‘ബസ് കണ്ടക്ടറാകും’. നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘ശക്തി’ പദ്ധതി സിദ്ധരാമയ്യ നാളെ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബിഎംടിസി ബസില്‍ മുഖ്യമന്ത്രി സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കും. ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പു നല്‍കുന്ന പദ്ധതിയാണ് ‘ശക്തി’.
മന്ത്രിമാരും നിയമസഭാംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന ജില്ലകളില്‍ ബസിന് ഫ്ലാഗ് ഓഫ് നിർവഹിക്കും. ജാതി, മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രിമാരോട് സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ദാരിദ്ര്യത്തിലും പ്രതിസന്ധികളിലും വിലക്കയറ്റത്തിലും ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് പദ്ധതിയെന്നാണ് വിലയിരുത്തൽ. അധികാരത്തിലെത്തി ഒരു മാസത്തിനുളളില്‍ തന്നെ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍ സിദ്ധരാമയ്യ സർക്കാർ നടപ്പിലാക്കി വരികയാണ്.