ചേലക്കര: ഏറെ വാശിയേറിയ ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണത്തിന് സമാപനം. ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരത്തോടെ ആവേശക്കൊടുമുടിയില്‍ സമാപനമായത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി വൈകിട്ട് നാലിനു കല്പറ്റയില് റോഡ് ഷോ നടത്തി. ബത്തേരി ചുങ്കത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണസമാപനം.
വയനാട്ടിലെ ബത്തേരിയിലുള്ള റോഡ് ഷോകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. കൊട്ടിക്കലാശം സമാപിക്കാനൊരുങ്ങവെ റോഡ് ഷോകളും ഗൃഹസന്ദര്‍ശനവുമൊക്കെയായി വയനാട്ടിലും ചേലക്കരയിലും തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറി
ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ റോഡ് ഷോയില്‍ കെ രാധാകൃഷ്ണന് എംപിയും പങ്കെടുത്തു. പ്രദീപിനുവേണ്ടി കഴിഞ്ഞ 2 ദിവസങ്ങളിലായി 6 പൊതുയോഗങ്ങളില്‍ പ്രസംഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തന്നെ പ്രചാരണത്തിനു നേതൃത്വം നല്കി. മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് പരിസമാപ്തിയാകുന്നത്. കല്പാത്തി രഥോത്സവത്തെ തുടര്‍ന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 20ലേക്ക് നീട്ടിവെച്ചതോടെ പരസ്യ പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിക്കും.