മുംബെയിലെ ഒരു ആശുപത്രിയിൽ ഒരു അൻപതുവയസ്സുകാരൻ പ്രവേശിക്കപ്പെട്ടു. കടുത്ത ലെഡ് വിഷബാധ മൂലം ആണ് ഇയാൾ ആശുപത്രിയിലായത്. മറവി, ക്ഷീണം, കടുത്ത വേദന തുടങ്ങിയ ലക്ഷണങ്ങൾക്കു പിന്നിൽ പ്രഷർ കുക്കർ ഉപയോഗിച്ചതു മൂലം ഉണ്ടായ ലെഡ് വിഷബാധ ആണെന്നു കണ്ടു. ലെഡ് ടോക്സിസിറ്റി അഥവാ ലെഡ് പോയ്സണിങ്ങ്, ശരീരത്തിൽ ലെഡ് അടിഞ്ഞു കൂടുന്നതു മൂലമാണ് ഉണ്ടാകുന്നത്. ഇത് കുട്ടികളിലും മുതിർന്നവരിലും നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. തലച്ചോറ്, വൃക്കകൾ, പ്രത്യുൽപാദന വ്യവസ്ഥ എന്നിവയുൾപ്പെടെ വിവിധ അവയവങ്ങളെ ലെഡ് വിഷബാധ ബാധിക്കും.
ഹെവി മെറ്റൽ സ്ക്രീനിങ്ങ് നടത്തുന്നതു വരെ രോഗകാരണം വ്യക്തമായിരുന്നില്ല. ഡെസിലിറ്ററിൽ 22 മൈക്രോഗ്രാം എന്ന തോതിൽ ഇയാളുടെ ശരീരത്തിൽ ലെഡ് അടങ്ങിയിരുന്നു എന്ന് ഈ പരിശോധനയിൽ തെളിഞ്ഞു ലെഡ് വിഷബാധ ഇയാൾക്ക് എങ്ങനെ ഉണ്ടായി എന്നു ഡോക്ടര്‍മാർ പറയുന്നു. ഇയാളുടെ ഭാര്യ കഴിഞ്ഞ ഇരുപതുവർഷമായി ഒരേ പ്രഷർ കുക്കറിൽ ആയിരുന്നു പാചകം ചെയ്തിരുന്നത്. പഴയതും കേടുപാടുകൾ പറ്റിയതുമായ അലുമിനിയം കുക്കറുകൾ അമ്ലഗുണ (acidic)മുള്ള ഭക്ഷണവുമായി സമ്പർക്കത്തിൽ വരുമ്പോൾ ലെഡ്, അലുമിനിയം പാർട്ടിക്കിളുകൾ ഈ ഭക്ഷണത്തിൽ അലിഞ്ഞു ചേരും. ഇത് അധികമാകുമ്പോൾ ന്യൂറൽ കാത്സ്യം ചാനലുകളെ തടസ്സപ്പെടുത്തുകയും ഇതുമൂലം തലച്ചോറിലെ സിഗ്നലുകൾ സാവധാനത്തിലാകുകയും ചെയ്യും. രോഗി സുഖം പ്രാപിച്ചശേഷം ചെലേഷൻ തെറാപ്പി ചെയ്യുമെന്നും ഡോക്ടർ അറിയിച്ചു.
എന്താണ് ലെഡ് പോയ്സണിങ്ങ്?
രക്തത്തിൽ ലെഡിന്റെ അംശം കാണപ്പെടുന്നതാണ് ലെഡ് പോയ്സണിങ്ങ്. കൂടിയ അളവിൽ ലെഡുമായി ശരീരം സമ്പർക്കത്തിൽ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭക്ഷണത്തിലൂടെയോ സ്പർശനത്തിലൂടെയോ ശ്വസനത്തിലൂടെയോ ലെഡ് ശരീരത്തിലെത്താം. തലച്ചോറ്, നാഡികൾ, രക്തം, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങൾ തുടങ്ങി വിവിധ ശരീരഭാഗങ്ങളെ ലെഡ് ബാധിക്കാം. ലെഡുമായുള്ള ദീർഘകാല സമ്പർക്കം നാഡീവ്യവസ്ഥയെയും തലച്ചോറിനെയും വിവിധ അവയവങ്ങളെയും തകരാറിലാക്കും. പഠനപ്രശ്നങ്ങൾ, പെരുമാറ്റ പ്രശ്നങ്ങൾ ഉൾപ്പെടെയുളള തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾക്കും ദീർഘകാല ബൗദ്ധികപ്രശ്നങ്ങൾക്കും ലെഡ് പോയ്സണിങ്ങ് കാരണമാകും.
ലക്ഷണങ്ങൾ
ലെഡ് പോയ്സണിങ്ങ് ആദ്യം ലക്ഷണം കൊണ്ടു പ്രകടമാക്കില്ല. ലെഡ് പോയ്സണിങ്ങിന്റെ ചില ലക്ഷണങ്ങൾ ഇവയാണ്.
∙ വയറുവേദന
∙ ഹൈപ്പർ ആക്റ്റിവിറ്റി
∙ പഠനപ്രശ്നങ്ങളും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും
∙ തലവേദന
∙ ഛർദി
∙ ക്ഷീണം
∙ വിളർച്ച
∙ കാലുകൾക്കും കാൽപ്പാദങ്ങൾക്കും മരവിപ്പ്
∙ ലൈംഗികതാൽപര്യക്കുറവ്
∙ വന്ധ്യത
∙ വൃക്കപ്രശ്നങ്ങൾ
വന്ധ്യതയും വൃക്കപ്രശ്നങ്ങളും ഉൾപ്പെടെ ലെഡ് പോയ്സണിങ്ങ് മൂലം ഉണ്ടാകുന്ന പല പ്രശ്നങ്ങളും പൂർണമായി സുഖപ്പെടുത്താനാവില്ല. എന്നാൽ ശരീരത്തിൽ ലെഡിന്റെ അളവ് വർധിപ്പിക്കാതിരിക്കാനും രക്തത്തിലെ ലെഡിന്റെ അളവ് കുറയ്ക്കാനും ലെഡിന്റെ ഉറവിടങ്ങൾ വീട്ടിലും പരിസരങ്ങളിൽ നിന്നും നീക്കം ചെയ്യാം. പോളിഎഥിലിൻ ഗ്ലൈക്കോൾ എന്ന സോല്യൂബിള്‍ വായിലൂടെയോ വയറ്റിൽ ട്യൂബ് കടത്തിയോ നൽകി വയറ്റിലെയും കുടലിലെയും വസ്തുക്കളെ നീക്കം ചെയ്യുന്ന ഹോൾ ബവൽ ഇറിഗ്രേഷനിലൂെടയും ലെഡ് പോയ്സണിങ്ങ് കുറയ്ക്കാം. ലെഡിന്റെ ആഗിരണം തടയാനും എക്സ്റേയിൽ ലെഡ് പെയിന്റ് ചിപ്പുകൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞാലും ഹോൾ ബവൽ ഇറിഗേഷൻ സഹായിക്കും.