കൽപ്പറ്റ> ഭിന്നിപ്പിക്കുന്ന വർഗീയ പ്രതിലോമ ശക്തികൾക്കെതിരെ കേരളത്തിൽ സാംസ്കാരിക മുന്നേറ്റം അനിവാര്യമാണെന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് പറഞ്ഞു. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വായന, എഴുത്ത്, രാഷ്ട്രീയം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക കേരളത്തിന്റെ സൃഷ്‌ടിയിൽ വലിയ പങ്കുവഹിച്ച നിരവധി സാഹിത്യ കൃതികളുണ്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ അഗ്നിസാന്നിധ്യമുള്ള സാഹിത്യമുണ്ടായി. അന്ന് എംടിക്കെതിരെയോ ചങ്ങമ്പുഴക്കെതിരെയോ ആരും പ്രതികരിച്ചില്ല. വീടുകൾക്ക് നേരെ കല്ലെറിഞ്ഞില്ല. ഇതിന്റെ തുടർച്ചയാണ് കാലം ആവശ്യപ്പെടുന്നത്. ഇന്ന് ഈ രീതിയിലുള്ള കൃതികൾ എഴുതിയാൽ എന്താവും സ്ഥിതിയെന്നത് ഉറപ്പിച്ചൊന്നും പറയാനാവില്ല. എം ടി വിടപറഞ്ഞ ദിവസംപോലും സാമൂഹ മാധ്യമങ്ങളിൽ വർഗീയവാദികൾ അദ്ദേഹത്തെ അധിക്ഷേപിച്ചു. പതിറ്റാണ്ടുകൾക്ക് മുമ്പെഴുതിയ കൃതിയെ മുൻനിർത്തി അവരിപ്പോഴും അസ്വസ്ഥരാവുന്നുവെങ്കിൽ എംടിയുടെ തൂലികയുടെ കരുത്ത് എത്രമാത്രം വലുതാണെന്ന് ഓർക്കണം.
വർത്തമാനകാലങ്ങളെ ശരിയായി വിശകലനംചെയ്യുന്ന സൃഷ്ടികൾ ഉണ്ടാവുന്നുണ്ട്. എം മുകുന്ദന്റെ ‘നിങ്ങൾ’ നോവൽ ഇതിലൊന്നാണ്.
സംഘടിതമായ നുണപ്രചാരണം ഒരു പ്രതീതിയുടെ പ്രപഞ്ചമുണ്ടാക്കുമെന്നത് തിരിച്ചറിഞ്ഞതും പ്രയോഗിച്ചതും ഫാസിസമാണ്. അവർ ഗ്രന്ഥശാലകൾക്ക് തീയിട്ടു. മാധ്യമങ്ങൾ വിലയ്‌ക്കെടുത്തു. നിർഭാഗ്യവശാൽ ആ രീതിശാസ്ത്രത്തെ സ്വീകരിക്കുന്ന വിഭാഗമാണ് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയാധികാരം നിയന്ത്രിക്കുന്നത്. ഗുജറാത്തിലെ ഗാന്ധി മ്യൂസിയത്തിൽ ഗാന്ധിവധം പരാമർശിക്കുന്നുണ്ട്. പ്രർഥനായോഗത്തിൽവച്ച് ഒരാൾ വെടിവച്ചു എന്നുമാത്രമാണ് വിവരണം. എന്തിന് കൊന്നു? ആര് കൊന്നു എന്നത് മറച്ചുവയ്‌ക്കുകയാണ്.
മനോരമ പറയുന്നത് ‘രാഷ്‌ട്രപിതാവായ ഗാന്ധിയെ നമ്മൾ കൊന്നു’ എന്നാണ്. നമ്മൾ അല്ല ഗോഡ്സെയാണ് കൊന്നതെന്ന് പറയുന്നില്ല. 2022 ജനുവരി 30ന് മാതൃഭൂമിയും ഇതുപോലെയാണ് പറഞ്ഞത്. കഴിഞ്ഞ വർഷം യുപിയിലെ ഹെെസ്കൂൾ പരീക്ഷയുടെ ഒരു ചോദ്യം ‘രാഷ്ട്രപിതാവ് ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തുകൊണ്ട്’? എന്നായിരുന്നു. ഇതൊന്നും യാദൃച്ഛികമല്ല. ചരിത്രത്തെ മായിച്ചുകളയുകയാണ്. വലിയ രഷ്ട്രീയ പദ്ധതിയുടെ ഭാഗമായി രൂപപ്പെട്ട വെല്ലുവിളിയാണ്. ഈ വെല്ലുവിളികളെ നേരിടുന്ന സാഹിത്യ സൃഷ്ടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.