തിരുവനന്തപുരം∙ പേരു നോക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ക്യൂ ആർ കോഡ് പ്രവർത്തിക്കുന്നത് ചിലർക്കു മാത്രം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പുറത്തിറക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് ചിലർക്കു തുറന്നു വരും. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും കഴിയും. എന്നാൽ ഒരു വിഭാഗം ഇതേ രീതിയിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ വെബ്സൈറ്റ് തുറന്നു വരുന്നില്ല. ക്യൂ ആർ കോഡിലെ ലിങ്കിൽ നിന്ന് ‘ബ്ലാങ്ക് സ്ക്രീൻ’ എത്തി നിൽക്കുന്നു. ഇതു മൂലം പലർക്കും പേരു പരിശോധിക്കാൻ കഴിയുന്നില്ല.
അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ചിലർക്കു മാത്രമേ ഈ പ്രശ്നമുള്ളുവെന്നും മറ്റു പലർക്കും പേരു പരിശോധിക്കാൻ കഴിയുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർ പറഞ്ഞു. ‘‘പരിശോധനകൾക്കു ശേഷമാണ് ക്യുആർ കോഡ് പൊതുജനങ്ങൾക്കായി നൽകിയത്. പരാതിയുണ്ടെങ്കിൽ പരിശോധിക്കും. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലിങ്ക് കൃത്യമായി പോകുന്നുണ്ട്. പക്ഷേ, വെബ്സൈറ്റ് ലോഡ് ആകുന്നതിൽ താമസം എടുക്കുന്നുണ്ട്. ഇതാവാം പ്രശ്നം.https://voters.eci.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ സന്ദര്‍ശിച്ചും വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നറിയാം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1950ല്‍ വിളിക്കുകയോ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം ’ അധികൃതർ പറഞ്ഞു.
