കേരളത്തിൽ ഉടനീളം വീശിയടിച്ച കാറ്റിലും വ്യാപകമായി തുടരുന്ന തീവ്ര മഴയിലും വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രാഥമിക കണക്കുകളനുസരിച്ച് 60 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കെ എസ് ഇ ബിക്ക് ഉണ്ടായിട്ടുള്ളത്.
പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.
അപൂർവ്വം ചിലയിടങ്ങളിൽ ഉപഭോക്താക്കൾ കെ എസ് ഇ ബി ഓഫീസുകളിലെത്തി പ്രശ്നമുണ്ടാക്കുന്നതായി മനസ്സിലാക്കുന്നു. ചിലയിടങ്ങളിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായും പരാതികളുണ്ട്. ജീവനക്കാരുടെ കൃത്യനിർവ്വഹണത്തെയും ആത്മവീര്യത്തെയും തടസ്സപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.
വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗത പരാതികൾ പരിഹരിക്കുക.
മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.