വൈകിട്ട് വീട്ടിലെത്താൻ ട്രെയിനില്ല; തിരൂർ – കോഴിക്കോട് പാതയിൽ യാത്രാദുരിതം രൂക്ഷം

news image
Apr 21, 2026, 9:19 am GMT+0000 payyolionline.in

തിരൂർ: വൈകുന്നേരങ്ങളിൽ തിരൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് മതിയായ ട്രെയിൻ സൗകര്യങ്ങളില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ഓഫിസ് സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥരും വിദ്യാർഥികളുമാണ് ഇതുമൂലം ഏറെ ദുരിതത്തിലായിരിക്കുന്നത്. വൈകിട്ട് 5.20-ന് തിരൂരിലെത്തുന്ന കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെ കോഴിക്കോട് ഭാഗത്തേക്ക് ട്രെയിനുള്ളത് രാത്രി 9 മണിക്ക് എത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമാണ്.

പേരിലെ ‘എക്സിക്യൂട്ടീവ്’ എന്ന തലപ്പേരല്ലാതെ ഈ ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസമല്ല. വന്ദേഭാരത്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകൾക്ക് കടന്നുപോകാൻ വേണ്ടി ഷൊർണൂർ, പട്ടാമ്പി, തിരൂർ സ്റ്റേഷനുകളിൽ എക്സിക്യൂട്ടീവ് എക്സ്പ്രസ് ദീർഘനേരം പിടിച്ചിടുന്നത് പതിവാണ്. മുൻപ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഷൊർണൂർ – കോഴിക്കോട്, തൃശൂർ – കോഴിക്കോട് പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കിയതോടെയാണ് യാത്രാപ്രതിസന്ധി രൂക്ഷമായത്. 2023-ൽ ‘കോറിഡോർ ബ്ലോക്ക്’ എന്ന കാരണം പറഞ്ഞാണ് ഈ സർവീസുകൾ താൽക്കാലികമായി നിർത്തിയത്.

പാലക്കാട് – കണ്ണൂർ എക്സ്പ്രസ് (4.07 PM), മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (4.25 PM), നേത്രാവതി എക്സ്പ്രസ് (5.15 PM) എന്നിവയാണ് ഉച്ചയ്ക്ക് ശേഷമുള്ള മറ്റ് ആശ്രയങ്ങൾ. എന്നാൽ മംഗള, നേത്രാവതി തുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ തിരക്ക് കാരണം കാലുകുത്താൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. 5.20-നുള്ള വണ്ടി നഷ്ടമായാൽ മണിക്കൂറുകളോളം പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുകയോ മറ്റു മാർഗ്ഗങ്ങൾ തേടുകയോ ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ.

പ്രശ്നപരിഹാരത്തിനായി വൈകിട്ട് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ റെയിൽവേ അധികൃതർക്കും മന്ത്രിമാർക്കും നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ പ്രതിഷേധം ഇതോടെ ശക്തമാവുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe