കണ്ണൂർ: സംസ്ഥാനത്ത് വേനൽ മഴക്കൊപ്പം മിക്ക സ്ഥലങ്ങളിലും ശക്തമായ മിന്നൽ ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം.കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ ഇക്കാര്യത്തിൽ മുൻകരുതൽ വേണം.മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിന് ഉള്ളിലേക്ക് മാറണം. മിന്നലുള്ളപ്പോൾ ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
‣ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
‣വൈദ്യുതോപകരണ സാമീപ്യം ഒഴിവാക്കുക.
‣ടെലിഫോൺ ഒഴിവാക്കണം.
‣തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.
‣വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
‣വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്ത് ഇടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കുക.
‣കുളിക്കുന്നതും ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
‣ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്.
‣പട്ടം പറത്തുന്നത് ഒഴിവാക്കുക.
‣ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
‣അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ ആകാത്ത വിധത്തിൽ തുറസായ സ്ഥലത്ത് ആണങ്കിൽ പാദങ്ങൾ ചേർത്ത് വച്ച് തല, കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്ത് പോലെ ഉരുണ്ട് ഇരിക്കുക.
‣മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാകുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ ചെയ്യാം. മിന്നലേറ്റ ആൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷമാണ്. ഉടൻ വൈദ്യസഹായം നൽകുക.
‣മിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.