വെസ്റ്റ് ബാങ്കിൽ അഭയാർത്ഥി ക്യാംപിന് നേരെ ഇസ്രയേൽ വ്യോമാക്രമണം, 5 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

news image
Aug 27, 2024, 7:05 am GMT+0000 payyolionline.in

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ബാങ്കിന് നേരെയും ഇസ്രയേൽ ആക്രമണം രൂക്ഷണമാണ്.

യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്നാണ് യുഎൻ വിശദമാക്കുന്നത്. ഇത് ആദ്യമായല്ല നുർ ഷാംപിലെ ക്യാപുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടക്കുന്നത്. പാലസ്തീൻ റെഡ് ക്രെസന്റ് വിശദമാക്കുന്നത് അനുസരിച്ച് ഏപ്രിൽ മാസത്തിൽ  ഇസ്രയേലിന്റെ രണ്ട് ദിവസം നീണ്ട ആക്രമണത്തിൽ 14 പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജൂലൈ മാസത്തിൽ ഇസ്രയേൽ സൈന്യം ക്യാപിലേക്കുള്ള പ്രധാന പാത തകർത്തിരുന്നു.

അതേസമയം വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഗാസയിലെ സമൂദ്രതീരവും അഭയകേന്ദ്രമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഖാൻ യൂനിസിലെ ബീച്ചിൽ താൽകാലിക ടെന്റുകളിൽ നിരവധി പേരാണ് അഭയം തേടിയിരിക്കുന്നത്. നേരത്തെ ഗാസ അതിര്‍ത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയത്.

ഗാസയിൽ ഇതുവരെ 40005 പേർ കൊല്ലപ്പെട്ടെന്ന് ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. ജനസംഖ്യയുടെ 1.7% പേർ ഒക്ടോബർ 7ന് ശേഷം കൊല്ലപ്പെട്ടെന്നാണ് കണക്ക്. മരിച്ചവരിൽ ഏറെയും കുഞ്ഞുങ്ങളും വൃദ്ധരും സ്ത്രീകളുമാണെന്നാണ്  ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe