വെസ്റ്റ് ബാങ്കിൽ: അധിനിവേശ വെസ്റ്റ്ബാങ്ക് രണ്ട് ഇസ്രായേൽ സൈനികർ വെടിയേറ്റ് മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. അക്രമി ഇസ്രായേൽ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വധിച്ചുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടു. പരിക്കേറ്റവരിൽ രണ്ട് സൈനികരുടെ നില ഗുരുതരമാണ്. മറ്റ് ആറ് പേർക്കും നിസാര പരിക്കാണേറ്റത്. ജോർദാൻ താഴ്വരയിലെ തയാസിറിലെ ചെക്ക്പോയിന്റിന് സമീപമാണ് സംഭവം.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ജെനിൻ തുൽകറാം മേഖലകളിലാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. എം-16 ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയതെന്ന് മീഡിയ ഔട്ട്ലെറ്റായ യാനെറ്റ് റിപ്പോർട്ട് ചെയ്തു. വെടിവെപ്പ് മിനിറ്റുകളോളം നീണ്ടുനിന്നിരുന്നു.
ഗസ്സയിലെ അധിനിവേശത്തിന് ശേഷം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. വെസ്റ്റ് ബാങ്കിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്ത ഇസ്രായേൽ ആക്രമണങ്ങളിൽ നൂറിലേറെ പേർ മരിക്കുകയും ചെയ്തിരുന്നു.
ഒന്നര വർഷത്തോളം നീണ്ട ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചു. കാണാതായവരുടെ എണ്ണം കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയർന്നത്. 47,518 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ഗസ്സ ആരോഗ്യ മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്ക്. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ഭരണകൂടത്തിന്റെ ഇൻഫർമേഷൻ ഓഫിസ് തലവൻ സലാമ മഹറൂഫ് പറഞ്ഞു.