വെള്ളാപ്പള്ളിയെ വിടാതെ പി.സി. ജോർജ്; ‘റാസ്കൽ എന്ന് വിളിച്ചാൽ ഓടിവരുന്ന ആൾ…’

news image
Mar 23, 2024, 12:03 pm GMT+0000 payyolionline.in

കോട്ടയം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്. വെള്ളാപ്പള്ളിയെ പോലെ വൃത്തിക്കെട്ട ഒരാൾ ലോകത്ത് ജനിച്ചിട്ടുണ്ടോ എന്ന് പി.സി. ജോർജ് ചോദിച്ചു. റാസ്കൽ എന്ന് ആരെങ്കിലും വിളിച്ചാൽ എന്തോ എന്ന് വിളികേട്ട് ഓടിവരുന്ന ആളാണെന്നും ജോർജ് പറഞ്ഞു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയെ പി.സി. ജോർജ് കടന്നാക്രമിച്ചത്.

പിണറായി വിജയന്‍റെ ദൂതനാണെന്ന് വെള്ളാപ്പള്ളിയെ കുറിച്ച് പറയുന്നത്. മകൻ തുഷാർ ബി.ഡി.ജെ.എസ് ആണ്. അപ്പനും മകനും എന്ന ബന്ധമല്ലാതെ മറ്റൊരു ബന്ധവും ഇരുവരും തമ്മിലില്ല. കോട്ടയം ലോക്സഭ സീറ്റിൽ തുഷാർ സ്ഥാനാർഥിയാണ്. വെള്ളാപ്പള്ളി വിവരദോഷിയാണെന്ന് എല്ലാവർക്കും അറിയാം. പിണറായിക്ക് വേണ്ടി എന്ത് ഊളത്തരവും കാണിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.

താൻ ഒരാളുടെയും ഔദാര്യം പറ്റി ജീവിക്കുന്നവനല്ല. എന്‍റെ രാഷ്ട്രീയം ബി.ജെ.പിയാണ്. തന്‍റെ വ്യക്തിത്വം ആരുടെയും വീട്ടിൽ പണയം വെച്ചിട്ടില്ലെന്നും ആരുടെയും കാല് പിടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പി.സി. ജോർജ് അഭിമുഖത്തിൽ വ്യക്തമാക്കി.

14 വർഷം മുമ്പ് വേശ്യകളുടെയും തെമ്മാടികളുടെയും കേന്ദ്രമായിരുന്നു മാഹിയെന്ന പി.സി. ജോർജിന്‍റെ പരാമർശം വിവാദത്തിന് വഴിവെച്ചിരുന്നു. കോഴിക്കോട് ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നുവെന്നും ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നുവെന്നും പി.സി. ജോർജ് പറഞ്ഞത്.

ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ ബി.ജെ.പി പ്രാദേശിക ഘടകം ജോർജിനെ തള്ളിപ്പറഞ്ഞിരുന്നു. പരാമർശത്തിൽ കേസെടുത്തതിന് പിന്നാലെ ഖേദപ്രകടനവുമായി ജോർജ് രംഗത്തെത്തി. മാഹി കൂടുതൽ സുന്ദരമായി എന്നത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും മറിച്ച് ആർക്കെങ്കിലും തോന്നുകയോ, മാനസിക വിഷമം ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe