ആലപ്പുഴ: കളർകോടുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് മോട്ടർ വാഹന വകുപ്പ്. നാലു കാരണങ്ങളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ ആലപ്പുഴ ആർടിഒ പറയുന്നത്. മഴ കാരണം റോഡിലുണ്ടായ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം, ഏഴുപേർ കയറേണ്ട വാഹനത്തിൽ 11 പേർ യാത്ര ചെയ്തു എന്നിവയാണ് അപകടത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
വാഹനം ഓടിച്ചയാൾക്ക് ലൈസൻസ് ലഭിച്ചിട്ട് 5 മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനം റോഡിൽ തെന്നിയതോടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. 14 വർഷം പഴക്കമുള്ള വാഹനത്തിൽ ആധുനിക സുരക്ഷാ സംവിധാനങ്ങളായ ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവ ഇല്ലാതിരുന്നതിനാൽ പെട്ടെന്ന് വാഹനം ബ്രേക്കിട്ടപ്പോൾ തെന്നി നീങ്ങി നിയന്ത്രണം നഷ്ടമായി. അത് അപകടത്തിന്റെ തീവ്രത കൂട്ടിയെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പ്രതി ചേർത്താണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിട്ടുള്ളത്.