ഓണസദ്യ എന്നു കേൾക്കുമ്പോൾ പല വീട്ടമ്മമാർക്കും പേടിയാണ്. ഇത്രയും കറികളും പായസവുമൊക്കെ എങ്ങനെ ഉച്ചയ്ക്ക് മുമ്പ് ഉണ്ടാക്കിയെടുക്കുമെന്ന ധാരണയില്ലാത്തതാണ് ഇൗ പേടിയുടെ കാരണം. എന്നാൽ കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഭാര്യയ്ക്കും ഭർത്താവിനും കൂടി ചേർന്ന് ഉഗ്രൻ ഒാണസദ്യ വെറും രണ്ടു മണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നാണ് ഷെഫ് സുരേഷ് പിള്ള പറയുന്നത്.
ഇന്ന് കേരളത്തിലെ പല കുടുംബങ്ങളും പ്രത്യേകിച്ച് നഗര പ്രദേശത്തുള്ളവർ ഇൻസ്റ്റെന്റ് ഒാണസദ്യയെ ആശ്രയിക്കുന്നവരാണ്. സദ്യ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒാർത്താണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ തിരുവോണ ദിവസം ഭാര്യയും ഭർത്താവും ഒന്നിച്ച് ഒരേ മനസ്സോടെ പ്രവർത്തിച്ചാൽ നിസ്സാരമാണ് ഒാണസദ്യയെന്ന് സുരേഷ് പിള്ള പറയുന്നു. ഒന്നിച്ച് സംസാരിച്ച്, തമാശകൾ പങ്കുവച്ച് പാചകം ചെയ്യുമ്പോൾ ഇതൊരു വലിയ ജോലിയായി അനുഭവപ്പെടില്ലെന്നും അദ്ദേഹം പറയുന്നു.
കൃത്യമായ പ്ലാനിങ്ങ് ഉണ്ടെങ്കിൽ മാത്രമാണ് രണ്ടു മണിക്കൂറിൽ ഒാണസദ്യ ഉണ്ടാക്കാനാകുക. അതിനായി നേരത്തെ തന്നെ ചിലതൊക്കെ തയാറാക്കി വയ്ക്കേണ്ടതുണ്ട്.
തലേന്നു തന്നെ ഒരുക്കി വയ്ക്കേണ്ട വസ്തുക്കൾ ഇവയാണ്.
1. ഉപ്പേരി, ശർക്കര വരട്ടി (സ്വന്തമായി ഉണ്ടാക്കുകയോ വാങ്ങുകയോ ചെയ്യുക)2. തേങ്ങ ചിരണ്ടിയത് (കറികൾക്കും പായസത്തിനും ഒക്കെയായി കണക്കു
കൂട്ടി ഒരുമിച്ച് ചെയ്യുക)3. പുളി പിഴിഞ്ഞത്4. അച്ചാറുകൾ (മാങ്ങയും നാരങ്ങയും)5. ഇഞ്ചിക്കറി6. പച്ചക്കറികൾ ആവശ്യത്തിന്.
തിരുവോണ ദിവസം രാവിലെ 10 മണിയോടെ പാചകം ആരംഭിക്കുന്നതാകും ഉചിതം. ഭർത്താവും ഭാര്യയും ജോലികൾ വീതിച്ചെടുത്ത് ഒരേ സമയം ചെയ്യുമ്പോഴാണ് സമയം ലാഭിക്കാൻ സാധിക്കുക. ജോലികൾ ചെയ്തത് താഴെ കൊടുത്തിരിക്കുന്ന പ്രകാരമാണ്.
ഭർത്താവ്– പച്ചക്കറി അരിയൽ
സാമ്പാർ,തീയൽ,പുളിശ്ശേരി,എരിശ്ശേരി,അവിയൽ,തോരൻ,ഒാലൻ,പച്ചടി,കിച്ചടി എന്നിവ.
ഭാര്യ–പയർ,പരിപ്പ് വേവിക്കൽ
പരിപ്പ് – സാമ്പാർപരിപ്പ് – പരിപ്പ് കറിപയർ – എരിശ്ശേരിപയർ – ഒാലൻ
അരപ്പ് ഉണ്ടാക്കൽ
പരിപ്പ് കറി,തീയൽ,അവിയൽ,പച്ചടി,തോരൻ,എരിശ്ശേരി,പുളിശ്ശേരി,സാമ്പാർ.
ഏതാണ്ട് ഒന്നേകാൽ മണിക്കൂറാണ് ഇത്തരം ജോലികൾക്കായി എടുക്കുന്ന സമയം. ഇതിനു ശേഷം ഇവ ഒന്നിപ്പിച്ച് അടുപ്പിൽ പാചകം ചെയ്യാവുന്നതാണ്. ഒരു പായസമാണ് ഉണ്ടാക്കുന്നതായി കാണിക്കുന്നതെങ്കിലും കുറച്ചു സമയം കൂടി മിനക്കെട്ടാൽ രണ്ടോ മൂന്നോ പായസങ്ങൾ ഉണ്ടാക്കാവുന്നതാണ്.