വെഞ്ഞാറമൂട് കൂട്ടക്കൊല ; മൊഴികൾ പരസ്‌പര വിരുദ്ധം , സാമ്പത്തിക, കുടുംബ പ്രശ്‌നങ്ങളും

news image
Feb 26, 2025, 6:05 am GMT+0000 payyolionline.in

വെഞ്ഞാറമൂട് : സഹോദരനടക്കം അഞ്ച് പേരെ യുവാവ്‌ ചുറ്റികകൊണ്ട്‌ അടിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളും തുടർന്നുണ്ടായ കുടുംബപ്രശ്നങ്ങളുമെന്ന്‌ സൂചന. പ്രതി അഫാന്റെ മാനസികനില പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്ന്‌ പൊലീസ് പറഞ്ഞു.

അഫാന്റെ സഹോദരൻ അഫ്സാൻ (13)​, പിതാവിന്റെ മാതാവ്‌ സൽമാബീവി (95), പിതാവിന്റെ സഹോദരൻ ലത്തീഫ്(60)​,​ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി(55)​ എന്നിവരുടെ മൃതദേഹങ്ങൾ കല്ലറ താഴെ പാങ്ങോട് ജുമാമസ്ജിദിലും സുഹൃത്ത് വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാനയുടെ (22) മൃതദേഹം ചിറയിൻകീഴ് കാട്ടുമുറയ്‌ക്കൽ ജുമാമസ്ജിദിലും സംസ്‌കരിച്ചു. തലയ്‌ക്ക്‌ ഗുരുതരപരിക്കേറ്റ ഉമ്മ ഷെമി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രതി അഫാന്റെ (23) പിതാവ്‌ റഹിമിന്റെ സൗദിയിലെ ബിസിനസ് തകർന്നതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

പലയിടത്തുനിന്ന്‌ അഫാൻ പണം കടംവാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ അഫാൻ ഇക്കാര്യമാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ അഫാന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്.

 

സൽമാബീവി, ലത്തീഫ്‌, സജിതാ ബീവി എന്നിവരെ കൊലപ്പെടുത്തിയശേഷം ഇയാൾ ബാറിൽ പോയി മദ്യപിച്ചതായും അതിന് ശേഷമാണ് വീട്ടിലെത്തി ഫർസാനയെയും അഫ്സാനെയും കൊലപ്പെടുത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. കുടുംബത്തിൽ എല്ലാവരും ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്നും മരണം ഉറപ്പാക്കാനാണ് താൻതന്നെ കൃത്യം ചെയ്‌തെന്നുമാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. പണം ചോദിച്ചിട്ട് തരാത്തതിലുള്ള വൈരാ​ഗ്യവും കുടുംബത്തിൽ അനാവശ്യമായി തലയിടുന്നതുമാണ് ലത്തീഫിനെയും സജിതാ ബീവിയെയും കൊലപ്പെടുത്താൻ കാരണം പറയുന്നത്. ഫർസാനയെ കൊലപ്പെടുത്തിയതിന് വ്യക്തമായ കാരണം പറയുന്നില്ല. ഇത് സംബന്ധിച്ച ചോദ്യത്തിന് പരസ്‌പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ആറാംക്ലാസിൽ പഠിക്കുമ്പോൾ അഫാൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

 

പ്രതി മറ്റ്‌ ലഹരി വസ്‌തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ രക്തസാമ്പിളുകൾ ലാബിലേക്ക്‌ അയച്ചിട്ടുണ്ട്. അന്വേഷണത്തിന് തിരുവനന്തപുരം റൂറൽ എസ്‌ പി എസ് സുദർശന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈഎസ് പി മഞ്‌ജുലാൽ,​നെടുമങ്ങാട് ഡിവൈഎസ് പി അരുൺ നാല് സിഐമാർ എന്നിവരുടെ സംഘത്തെ നിയോഗിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe