വീൽചെയർ നൽകാത്തതിനെ തുടർന്ന് യാത്രക്കാരൻ മരിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

news image
Feb 29, 2024, 9:55 am GMT+0000 payyolionline.in

ന്യൂഡൽഹി: വിൽചെയർ നൽകാത്തതിനെ തുടർന്ന് 80 വയസുള്ള യാത്രക്കാരൻ മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപ പിഴ ചുമത്തി. ഫെബ്രുവരി 16ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. തുടർന്ന് ഡി.ജി.സി.എ

ഏഴു ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പ്രതികരണം പരിശോധിച്ച ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

യാത്രക്കാരന്റെ ഭാര്യക്ക് വീൽചെയർ നൽകിയിട്ടുണ്ടെന്നും മറ്റൊന്ന് ക്രമീകരിക്കുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു. എന്നാൽ പകരം ഭാര്യയോടൊപ്പം ടെർമിനലിലേക്ക് നടക്കാൻ അദ്ദേഹം തീരുമാനിച്ചു. ഫെബ്രുവരി 12ന് ന്യൂയോർക്കിൽ നിന്ന് മുംബൈയിലേക്ക് പറക്കുന്ന ഞങ്ങളുടെ അതിഥികളിൽ ഒരാൾ വീൽചെയറിലായിരുന്ന ഭാര്യയുമായി ഇമിഗ്രേഷൻ ക്ലിയർ ചെയ്യുന്നതിനിടയിൽ അസുഖം ബാധിച്ചു. വീൽചെയറുകളുടെ കനത്ത ഡിമാൻഡ് കാരണം നൽകുന്നതുവരെ കാത്തിരിക്കാൻ ഞങ്ങൾ യാത്രക്കാരനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം ഭാര്യക്കൊപ്പം നടക്കാൻ തീരുമാനിക്കുകയായിരുന്നു.- എയർ ഇന്ത്യ പറഞ്ഞു.

അംഗഭംഗം വന്നവർക്കും നടക്കാൻ പ്രയാസം നേരിടുന്നവർക്കും വീൽചെയർ നൽകണമെന്ന മാനദണ്ഡം എയർഇന്ത്യ പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ ഡി.ജി.സി.എ കണ്ടെത്തി. അതാണ് പിഴ ചുമത്താൻ കാരണം. വിമാനം കയറുമ്പോഴോ ഇറങ്ങുമ്പോഴോ സഹായം ആവശ്യമുള്ള യാത്രക്കാർക്ക് മതിയായ വീൽചെയറുകൾ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ ഡി.ജി.സി.എ എല്ലാ എയർലൈനുകൾക്കും ഇക്കാര്യത്തിൽ കർശന നിർദേശവും നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe