കൊച്ചി: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് കോടികളുടെ അഴിമതി നടത്താൻ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരിന് കിട്ടേണ്ട കോടികള്‍ ഡിസ്റ്റിലറികളില്‍ എത്തിക്കാനുള്ള അഴിമതിയാണ് ഈ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം കൊച്ചി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നികുതി വകുപ്പ് കമ്മിഷണര്‍ അവധിയില്‍ പോയ സാഹചര്യത്തില്‍ കേരളീയത്തിനും നവകേരള സദസിനും ഏറ്റവും കൂടുതല്‍ പണം പിരിച്ചതിന് സമ്മാനം നേടിയ അഡീഷണല്‍ കമ്മീഷണര്‍ക്ക് ചാര്‍ജ് നല്‍കിയാണ് അഴിമതിക്കുള്ള നീക്കം. ഇക്കാര്യം പ്രതിപക്ഷം അറിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഓര്‍മ്മിപ്പിക്കുന്നു. മദ്യ നികുതി കുറച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഫണ്ട് സ്വരൂപിക്കാനാണ് ശ്രമം. അത് വേണ്ടെന്ന് സര്‍ക്കാരിനോട് പ്രാഥമികമായി പറയുകയാണ്.
സംസ്ഥാനത്തിന് കേന്ദ്രം നല്‍കേണ്ട പണം നല്‍കണം. എന്നാല്‍ വീണ്ടും കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നടക്കട്ടെയെന്നും സതീശൻ പറഞ്ഞു.