തിരുവനന്തപുരം: വീണ വിജയനെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിെൻറ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവർക് അവർ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നും ശൈലജ പറഞ്ഞു.
സി.എം.ആർ.എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുൻ മന്ത്രി. ഇതിനിടെ, മാത്യൂ കുഴൽ നാടനെ വെല്ലുവിളിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും രംഗത്തെത്തി. മാത്യു കുഴൽ നാടൻ എം.എൽ.എ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തിലുള്ള ആരോപണമാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടത്തുന്നതെന്ന് ബാലൻ കുറ്റപ്പെടുത്തി.
വീണ വിജയൻ െഎ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽകുഴൽ നാടൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്ന് ബാലൻ ചോദിച്ചു. ഏതോ ഒരോ ഒരാൾ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പലതും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്. ഈ ആരോപണം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാകണം. മാത്യു കുഴൽ നാടൻ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാൻ സന്നദ്ധനാവണം. വീണ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ട്.
വെല്ലുവിളി ഏറ്റെടുക്കാൻ കുഴൽ നാടൻ തയ്യാറാകണമെന്നും ബാലൻ പറഞ്ഞു. ഓരോ മാസം ഐ.ജി.എസ്.ടി അടച്ചിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെതിരായ ആരോപണങ്ങൾ കോടതിയുടെ മുറ്റത്ത് പോലും നിൽക്കില്ല. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എ.കെ. ബാലൻ പറഞ്ഞു.