ന്യുഡൽഹി: കേരളം ആവശ്യപ്പെട്ട അധികവായ്പയായ 19000 കോടി രൂപ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം. കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള ചർച്ചക്ക് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കേന്ദ്ര നിലപാട് അറിയിച്ചത്. കടമെടുപ്പ് പരിധിയുടെ അകത്തുനിന്ന് താൽക്കാലികമായി കൂടുതൽ പണം എടുക്കുവാനുള്ള അനുവാദമാണ് സംസ്ഥാനം തേടിയത്. എന്നാൽ അത് നിഷേധിക്കുകയായിരുന്നു. ചർച്ചയിൽ ഉയർന്ന കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിക്കുമെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു.
കേരളത്തിന്റെ നിയമപോരാട്ടത്തെ തുടർന്ന് 13608 കോടി അനുവദിക്കുവാൻ സുപ്രീംകോടതി കേന്ദ്രത്തിനോട് നിർദേശിച്ചിരുന്നു. അതിന് പുറമെയാണ് 19000 കോടിയുടെ അധികവായ്പയും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്. കോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്രവും സംസ്ഥാനവും ഇന്ന് ചർച്ച നടത്തിയത്.