വീണ്ടും കുതിച്ച് സ്വര്‍ണം: പവന്റെ വില 70,000 രൂപയിലേയ്ക്ക്

news image
Apr 11, 2025, 5:14 am GMT+0000 payyolionline.in

ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ സ്വർണ്ണ വില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,480 രൂപയും, ഗ്രാമിന് 185 രൂപയുമാണ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 69,960 രൂപയും, ഗ്രാമിന് 8,745 രൂപയുമാണ് വില. രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും ഇപ്പോൾ പ്രതിഫലിച്ചിരിക്കുന്നത്.

ഇപ്പോൾ കേരളത്തിൽ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഏകദേശം 75,000 രൂപ നൽകേണ്ടതായിട്ടുണ്ട്. 3% ജി.എസ്.ടി, പണിക്കൂലി (കുറഞ്ഞത് 5%), ഹാൾമാർക്കിങ് ചാർജ്ജുകൾ ഉൾപ്പെടെയുള്ള നിരക്കാണിത്. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങൾക്ക് ആനുപാതികമായി 30% വരെ പണിക്കൂലി വർധിക്കുമെന്നതിനാൽ സ്വർണ്ണ വിലയിലും വർധനവുണ്ടാകും.

യു.എസും ചൈനയും തമ്മിൽ രൂക്ഷമാകുന്ന വ്യാപാര യുദ്ധമാണ് സ്വർണ്ണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിച്ചത്. ഇതിനിടെ യു.എസിലെ പണപ്പെരുപ്പം കുറയുന്നുവെന്ന റിപ്പോർട്ട് ഇന്നലെ പുറത്തു വന്നു. ഇതോടെ യു.എസ് ഫെഡ് പലിശ കുറയ്ക്കാനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്. ഇതും സ്വർണ്ണത്തിന് ഊർജ്ജമേകി. ഈ വർഷം അവസാനത്തോടെ 3,200 ഡോളറിലെത്തുമെന്ന് ആഗോള റേറ്റിങ് ഏജൻസികൾ വിലയിരുത്തിയിരുന്നെങ്കിലും ഇപ്പോൾത്തന്നെ വില ആ നിലവാരം മറികടന്നിരിക്കുകയാണ്.
നിലവിൽ ട്രോയ് ഔൺസിന് 3,216.86 ഡോളർ എന്നതാണ് നിരക്ക്. ഈ വാരത്തിന്റെ തുടക്കത്തിൽ സ്വർണ്ണ വില 3,000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. എന്നാൽ പിന്നീട് ഇവിടെ നിന്ന് റാലി തുടങ്ങുകയായിരുന്നു.

കേരളത്തിലെ സ്വർണ്ണ വില – റെക്കോർഡ്
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ആദ്യത്തെ 5 ഉയർന്ന നിരക്കുകളും രേഖപ്പെടുത്തിയിരിക്കുന്നത് ഈ മാർച്ച് മാസത്തിലാണ്.
1. 2025 ഏപ്രിൽ 11 : 69,960, 8,745
2. 2025 ഏപ്രിൽ 03 & 10 : 68,480, 8,560
3. 2025 ഏപ്രിൽ 01 & 02 : 68,080, 8,510
4. 2025 മാർച്ച് 31 : 67,400, 8,425
5. 2025 ഏപ്രിൽ 04 : 67,200, 8,400

വെള്ളി വില
കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,07,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.10 രൂപ, 8 ഗ്രാമിന് 856.80 രൂപ, 10 ഗ്രാമിന് 1,071 രൂപ, 100 ഗ്രാമിന് 10,710 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe