കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിലും എസ്‌ഐടി അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂർ എംഎൽഎ ടി ഒ മോഹനൻ നൽകിയ പരാതിയിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎൽഎ പരാതിയിൽ ആരോപിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. നിലവിൽ റെയിൽവേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസിൽ അറസ്റ്റിൽ ആയത്. കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധത്തിൽ സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇത്.
മുൻ സർക്കാരിന്റെ കാലത്താണ് ഈ വർഷം ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങൽ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തിൽ മൊഴിയായി നൽകിയിരുന്നത്. എന്നാൽ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
അന്ന് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയായ കേസിലാണ് ഇപ്പോൾ എസ്‌ഐടി രൂപീകരിക്കാൻ ഒരുങ്ങുന്നത്. കേസിൽ അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. മുമ്പ് ഇൻഡിഗോ വിമാനത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധത്തിൽ തുടരന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചിരുന്നു. പീന്നീട് ആലപ്പുഴ രക്ഷാപ്രവർത്തന കേസിലും എസ്‌ഐടി രൂപീകരിച്ചിരുന്നു.
