തിരുവനന്തപുരം ∙ എക്സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസില്‍ സിഎംആര്‍എല്ലിന് ഒരു തരത്തിലുള്ള സേവനവും നല്‍കിയിട്ടില്ലെന്ന് എക്സാലോജിക് ഉടമ വീണാ വിജയൻ മൊഴി നല്‍കിയതായി എസ്എഫ്ഐഒയുടെ റിപ്പോർട്ട്. ചെന്നൈ ഓഫിസില്‍ ചോദ്യം ചെയ്തപ്പോള്‍ വീണ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീണയ്ക്കു പുറമേ എക്സാലോജിക് ഉദ്യോഗസ്ഥരും സിഎംആര്‍എല്‍ ഐടി വിഭാഗം മേധാവിയും ഇതു സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്സാലോജിക്കിന്റെ മുഖ്യവരുമാനം സിഎംആര്എല്ലില്നിന്നാണെന്നും എസ്എഫ്ഐഒ കണ്ടെത്തി. സിഎംആര്‍എല്ലിൽനിന്ന് വീണയ്ക്കും എക്സാലോജിക്കിനും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സേവനങ്ങള്‍ക്കു മൂന്നു ലക്ഷം രൂപയാണ് നല്‍കിയത്. ഇതിനു പുറമേ വീണയെ സിഎംആര്‍എല്‍ ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് ആയി നിയമിക്കുകയും 5 ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നുവെന്നും എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എക്സാലോജിക്കിന്റെ ഏറ്റവും വലിയ ഇടപാടുകാര്‍ സിഎംആര്‍എല്‍ ആയിരുന്നുവെന്നും പ്രധാന വരുമാന ശ്രോതസ് ഇതു മാത്രമായിരുന്നുവെന്നും സാമ്പത്തിക രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വീണയും സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയും കൂടി ഒത്തുകളിച്ച് സിഎംആര്‍എല്ലില്‍നിന്നു 2.78 കോടി രൂപ തട്ടിയെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എഫ്ഐഒ റിപ്പോര്‍ട്ടിലെ പതിനൊന്നാം പ്രതിയാണ് വീണ.
സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ വായ്പയായി 50 ലക്ഷം രൂപ വാങ്ങിയെന്നും ഇത് തിരിച്ചടച്ചത് സിഎംആര്‍എല്ലില്‍ നിന്ന്പ്രതിമാസം കിട്ടിയ പണം ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ പുതുതായി കേസ് നല്‍കുന്നത് സംബന്ധിച്ച് ആലോചനയിലാണെന്ന് കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.