വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതിയുടെ ഭർത്താവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

news image
Apr 8, 2025, 1:33 pm GMT+0000 payyolionline.in

മലപ്പുറം: ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ മരിച്ച അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്‌. സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് ഇന്നലെ ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

യുവതിയുടെ മരണം അമിത രക്തസ്രാവത്തെ തുടർന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ശനിയാഴ്ച വൈകീട്ടാണ്‌ പ്രസവത്തിനിടെ യുവതി മരിക്കുന്നത്‌. തുടർന്ന്‌ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടയുകയുകയായിരുന്നു.

ശേഷം മൃതദേഹം പെരുമ്പാവൂർ താലൂക്ക്‌ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അസ്വഭാവിക മരണത്തിന്‌ ഭർത്താവ്‌ സിറാജുദ്ധീനെതിരെ പെരുമ്പാവൂർ പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌. ആലപ്പുഴ സ്വദേശിയാണ് ഇയാൾ.

യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. മരണം സംഭവിച്ച കാര്യം പൊലീസിനെ അറിയിക്കാതെ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് മൃതദേഹം സംസ്കരിക്കാനായി ഭർത്താവ്‌ കൊണ്ടുപോയി. ബന്ധുക്കൾക്ക് മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നാണ് പോലീസ് ഇടപെട്ട് മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞത്. തൊട്ടുമുൻപ് നടന്ന പ്രസവവും വീട്ടിൽത്തന്നെ ആയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ മരണത്തിന്‌ ശേഷം നവജാത ശിശുവിനെ പെരുമ്പാവൂരിലെ താലൂക്കാശുപത്രിയിലേക്ക്‌ മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe