തിരുവനന്തപുരം: വിഷു – ഈസ്റ്റർ ആഘോഷക്കാലത്ത് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് ഏപ്രിൽ 10 ന് തുടങ്ങിയ സപ്ലൈകോ ഫെയർ. ഇപ്പോഴിതാ ഉപയോക്താക്കൾക്കായി സപ്ലൈക്കോയിൽ നിന്നും സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. വിഷുവിന്‍റെ തലേദിവസമായ നാളെ ഞായറാഴ്ചയാണെങ്കിലും സപ്ലൈകോയുടെ എല്ലാ വിഷു – ഈസ്റ്റർ ഫെയറുകളും സൂപ്പർ മാർക്കറ്റുകളും മാവേലി സൂപ്പർ സ്റ്റോറുകളും തുറന്നു പ്രവർത്തിക്കാനാണ് തീരുമാനം. എന്നാൽ മാവേലി സ്റ്റോറുകൾ ഞായറാഴ്ച പ്രവർത്തിക്കില്ല. വിഷുദിവസം ഫെയറുകൾക്കും സപ്ലൈകോ വില്പനശാലകൾക്കും അവധിയായിരിക്കുമെന്നും അറിയിപ്പുണ്ട്.
ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വിൽപ്പനശാല സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. വിഷു ദിനത്തിന് പുറെ ഏപ്രിൽ 18 ദുഃഖവെള്ളി ദിവസവും ഫെയറുകൾക്ക് അവധി ആയിരിക്കും. സബ്സിഡി സാധനങ്ങൾക്ക് പുറമേ, തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും, സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.