കൊയിലാണ്ടി: സംസ്ഥാനത്തെ രണ്ടര കോടി ജനങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ ജലവിതരണം സാധ്യമാക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അയച്ചിറ മീത്തൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ജൽജീവൻ മിഷൻ വഴി നാല് ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകി. കിഫ്ബി വഴി 5,000 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അനുമതി നൽകി. ഇതു വഴി ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് കോർപ്പറേഷന്റെ നഗരസഞ്ചയ ഫണ്ടും ഗ്രാമപഞ്ചായത്തിന്റെ പദ്ധതി വിഹിതവും ഉൾപ്പെടുത്തിയാണ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കിയത്. മൂന്ന് ഘട്ടങ്ങളിലായി 35 ലക്ഷത്തോളം രൂപ കുടിവെള്ള പദ്ധതിക്കായി ചെലവഴിച്ചു. പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ അൻപതോളം കുടുംബങ്ങളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിനാണ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശാശ്വത പരിഹാരമാകുന്നത്. അസിസ്റ്റന്റ് എഞ്ചിനിയർ കെ ഫാസിൽ റിപ്പോർട്ട് അവതിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കെ പഞ്ചായത്തംഗങ്ങളായ സി ലതിക, ഗീത മുല്ലോളി, എന്നിവർ ആശംസകൾ നേർന്നു അവിനാഷ് ജി എസ്, ഗോപാലൻ എം കെ, കെ ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കിയിൽ സംസാരിച്ചു.