തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ആദ്യ കപ്പൽ ഇന്നു ചൈനയിൽനിന്നു പുറപ്പെടും. ഒരു മാസത്തിനകം വിഴിഞ്ഞത്തെത്തും. 1700 കോടി രൂപയുടെ ക്രെയിനുകളിൽ ആദ്യഘട്ടമായി ഒരു ‘ഷിപ് ടു ഷോർ’ ക്രെയിനും 2 യാഡ് ക്രെയിനുകളുമാണ് എത്തിക്കുക. ഇത്തരത്തിൽ 4 കപ്പലുകൾ കൂടി പിന്നീട് എത്തും.
ഷാങ്ഹായ് ഷെഹുവാ ഹെവി ഇൻഡസ്ട്രീസിൽ നിന്നാണു ക്രെയിനുകൾ വാങ്ങുന്നത്. ബെർത്തിൽ എത്തുന്ന കപ്പലുകളിൽ നിന്നു കണ്ടെയ്നർ ഇറക്കി വയ്ക്കാനും കപ്പലിൽ കയറ്റാനും ഉപയോഗിക്കുന്ന വലിയ ക്രെയിനാണു ‘ഷിപ് ടു ഷോർ’. ക്രെയിനുകൾ ഉറപ്പിക്കാൻ 3 മാസമെങ്കിലും എടുക്കും. 3 വർഷം മുൻപ് ഓർഡർ ചെയ്തതാണെങ്കിലും ബെർത്ത് നിർമാണം വൈകിയതിനാലാണു ക്രെയിൻ എത്തിക്കാൻ വൈകിയത്.
ക്രെയിനുകൾ പരിശോധിക്കാൻ വിസിൽ (വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്) പ്രതിനിധികൾ ചൈന സന്ദർശിക്കാനിരിക്കെയാണ് കപ്പൽ ഇന്നു പുറപ്പെടുന്നത്. വിസിൽ സിഇഒക്കും അസി.മാനേജർക്കുമാണ് പോകാൻ അനുമതി. വീസ നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. അടുത്ത ഘട്ടം എത്തിക്കാനുള്ള ക്രെയിനുകൾ പരിശോധിക്കേണ്ടതിനാൽ സംഘം വൈകാതെ ചൈനയ്ക്കു തിരിക്കും.