തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കയറിയിരുന്നതിൽ രൂക്ഷമായി പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്.
വിളമ്പുന്നവന് നാണമില്ലെങ്കിൽ കഴിക്കുന്നവന് നാണം വേണമെന്നും സംസ്ഥാന ധനമന്ത്രി ഉൾപ്പെടെ താഴെ ഇരിക്കുമ്പോഴാണ് ബി.ജെ.പി അധ്യക്ഷൻ നേരത്തെ തന്നെ വേദിയിൽ കയറി ഇരിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന അടിക്കുറിപ്പോടെ ഉദ്ഘാന സദസിൽ മന്ത്രി കെ.എൻ ബാലഗോപാലിനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഒപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിലും റിയാസ് പങ്കുവെച്ചു.
സംസ്ഥാന സർക്കാർ നൽകിയ ക്ഷണിക്കപ്പെടുന്നവരുടെ പട്ടികയിൽ രാജീവ് ചന്ദ്രശേഖർ ഉണ്ടായിരുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നൽകിയ ലിസ്റ്റിൽ പേര് കൂട്ടിചേർക്കുകയായിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.